SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

കള്ളനോട്ട് നിർമ്മാണ കേസ്: അന്വേഷണത്തിന് ഇ.ഡി വന്നേക്കും

കൊല്ലം: വാടിയിലെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മാണ സാമഗ്രികൾ കണ്ടെത്തിയ കേസിൽ പ്രതി സിബിയോണിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ഇൻകം ടാക്സിനോടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും ആവശ്യപ്പെടും. സിബിയോണിന്റെ സാമ്പത്തിക ഇടപാടുൾ പരിശോധിപ്പപ്പോൾ കള്ളപ്പണം വെളുപ്പിക്കലിന്റെയും നികുതി വെട്ടിപ്പിന്റെ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ജി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സിബിയോൺ സ്ഥിരമായി ഇടപാട് നടത്തിയിരുന്ന രണ്ട് സ്വകാര്യ ബാങ്കുകളിൽ പരിശോധന നടത്തി. ഇവിടങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ സ്വർണം പണയം വച്ച് വൻ തുക വായ്പ എടുത്തിരുന്നതായി കണ്ടെത്തി. അതിന് പുറമെ ചില വ്യക്തികളിൽ നിന്നും വലിയ തുകയുടെ ഡി.ഡി വാങ്ങി പണമാക്കി സിബിയോൺ അക്കൗണ്ടിൽ സൂക്ഷിച്ചതായുള്ള സൂചനയും ലഭിച്ചു. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കലിന്റെയും നികുതി വെട്ടിപ്പിന്റെയും ഭാഗമാണെന്നാണ് സംശയം. സിബിയോണിന് ഇടപാടുള്ള ധനകാര്യ സ്ഥാപനങ്ങളോട് അയാളുടെ പണമിടപാടുകളുടെ വിശദാംശങ്ങൾ നൽകാൻ നോട്ടീസ് നൽകി.

സിബിയോണിന്റെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മാണ സാമഗ്രികളും വശങ്ങളിൽ കറൻസിയുടെ ഡിസൈൻ പ്രിന്റ് ചെയ്ത പേപ്പർ കെട്ടുകളും കണ്ടെത്തിയ റെയ്ഡ് കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള നടപടികളും തുടങ്ങി. സിബിയോൺ വാടിയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. അതിന്റെ വാടക ചീട്ടിനായി വാടക വീട്ടിൽ പരിശോധന നടത്തി. വാടക ചീട്ടിന്റെ സർട്ടിഫൈഡ് പകർപ്പ് നൽകാൻ ഉടമയോടും ആവശ്യപ്പെട്ടു.

പ്രതികളെല്ലാം മുങ്ങുന്നു

സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിൽ ഭൂരിഭാഗവും ഒളിവിൽ പോയി. ഒൻപത് പേരുടെ പേരുകളടങ്ങിയ റിപ്പോർട്ട് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകി. ചില പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്ന് സിബിയോണിനെ കോടതിയിൽ ഹാജരാക്കും. പണമിടപാടുകളുടെ വിവരങ്ങൾ വിശദമായി ലഭിച്ച ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിയോണിന്റെ സുഹൃത്തിനെ തേടി ക്രൈം ബ്രാഞ്ച് വാമനപുരത്ത് പോയെങ്കിലും മേൽവിലാസം കൃത്യമായിരുന്നില്ല. അയാൾ അവിടെ നിന്ന് താമസം മാറിയിട്ട് വർഷങ്ങളായെന്നാണ് മനസിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL