കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തിലെ കുറ്റിയിൽക്കട-കുഴിയം തെക്ക് റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാകുമെന്ന് കരുതിയ ആരംഭിച്ച നവീകരണം നാട്ടുകാർക്ക് തലവേദനയായി! വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡിന്റെ അറ്റകുറ്റപ്പണി നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ആരംഭിച്ചത്. എന്നാൽ 11 മാസം പിന്നിട്ടിട്ടും പണി പൂർത്തിയായില്ല.
ആകെ ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ കുഴിയം തെക്ക് കരയോഗ മന്ദിരം വരെയുള്ള ഭാഗം മാത്രമാണ് പുനർനിർമിച്ചത്. ശേഷിക്കുന്ന ഭാഗം ജെ.സി.ബി ഉപയോഗിച്ച് ഇളക്കിമറിച്ച നിലയിൽ ഉപേക്ഷിച്ചതോടെ യാത്ര ദുഷ്കരമായി.
ടാറിന്റെ വിലവർദ്ധനയാണ് പണി മുടങ്ങാൻ കാരണമായി അധികൃതർ പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ടാറിന്റെ വില കുതിച്ചുയർന്നതോടെ അനുവദിച്ച തുകയ്ക്ക് നിർമ്മാണം പൂർത്തിയാക്കാനാകാത്ത അവസ്ഥയിലായി. കരാറുകാരനും കടുത്ത പ്രതിസന്ധിയിലാണ്. റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം നാട്ടുകാർ സായാഹ്ന ധർണ നടത്തിയിരുന്നു. മന്ത്രിതല ഇടപെടൽ ആവശ്യപ്പെട്ട് പി.സി.വിഷ്ണുനാഥിന് ഹർജി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
തിരിഞ്ഞോടി ഓട്ടോറിക്ഷകൾ!
നിരവധി ആരാധനാലയങ്ങളും സ്കൂളുകളും പ്രവർത്തിക്കുന്ന പ്രദേശത്ത് ബസ് സർവീസില്ലാത്തതിനാൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് നാട്ടുകാരുടെ ആശ്രയം. റോഡിലെ മെറ്റലിലും കുഴികളിലുംപെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും പതിവായതോടെ ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാൻ മടിക്കുകയാണ്. ചന്ദനത്തോപ്പിലേക്ക് വേഗം എത്താനുള്ള പ്രധാന പാതയാണിത്.
ടാറിന്റെ വിലവർദ്ധനവിന് അനുസൃതമായി ടെണ്ടർ തുക പുതുക്കി നിശ്ചയിച്ച് റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സർക്കാർ ഇടപെടൽ വേണം.
ബി.സുരേന്ദ്രൻപിള്ള
വാർഡ് മെമ്പർ, പെരിനാട് ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |