SignIn
Kerala Kaumudi Online
Thursday, 05 November 2026 6.30 AM IST

ട്രെയിനുകളിൽ ടിപ് ടോപ്പ് മോഷ്ടാക്കൾ

തഴവ: ട്രെയിനുകളിൽ ടിപ് ടോപ്പ് വേഷത്തിൽ കയറി യാത്രക്കാരുടെ സ്വർണവും പണവും മൊബൈൽ ഫോണുമടക്കം കവരുന്നത് പതിവാകുന്നു. റിസർവേഷൻ കോച്ചുകളിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് രാത്രികാലങ്ങളിൽ പോലും മോഷ്ടാക്കളെ ഭയന്ന് ഒന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ മാത്രം ട്രെയിനുള്ളിലെ മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ടിപ് ടോപ്പ് വേഷം ധരിച്ച് കൈയിൽ ഒന്നിലധികം ബാഗുകളുമായി കയറുന്ന മോഷ്ടാക്കൾ ആദ്യം യാത്രക്കാരുമായി സൗഹൃദം സ്ഥാപിക്കും. വിലപിടിപ്പുള്ള സാധനങ്ങൾ യാത്രക്കാർ സീറ്റിനടുത്ത് തന്നെ വയ്ക്കും. യാത്രക്കാരുടെ അത്തരം ബാഗുകൾക്കടുത്ത് മോഷ്ടാവ് തന്റെ കൈയിലുള്ള ബാഗുകൾ വയ്ക്കും. തുടർന്ന് ഉറക്കം നടിക്കും. ലക്ഷ്യമിടുന്ന യാത്രക്കാരൻ ഉറങ്ങുമ്പോൾ ബാഗുമെടുത്ത് രക്ഷപ്പെടും. ട്രെയിനുകൾ സ്റ്റോപ്പിൽ എത്തുമ്പോഴാണ് ഇവർ ബാഗുമായി കടക്കുക. യാത്രക്കാരൻ ഉണർന്ന് ബാഗ് തപ്പുമ്പോഴേക്കും മോഷ്ടാവ് തൊട്ടു മുമ്പുള്ള ഏതെങ്കിലും സ്റ്റേഷനിലിറങ്ങി തടിതപ്പിയിരിക്കും.

ട്രെയിനുകൾക്കുള്ളിൽ ആർ.പി.എഫ്, ജി.ആർ.പി ഉദ്യോഗസ്ഥർ റോന്ത് ചുറ്റുന്നുണ്ടെങ്കിലും ടിപ് ടോപ്പ് വേഷക്കാരായ മോഷ്ടാക്കളെ കണ്ടാൽ സംശയം തോന്നില്ല. ചില മോഷ്ടാക്കൾ ടിക്കറ്റെടുത്ത് ദീർഘദൂരം യാത്ര ചെയ്താണ് പറ്റിയ ഇരയെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശിനിയുടെ 50 പവനും 10500 രൂപയും അടങ്ങിയ ബാഗ് ട്രെയിനിൽ വച്ച് കവർന്നതും ടിപ് ടോപ്പ് വേഷക്കാരനാണെന്നാണ് നിലവിലെ നിഗമനം. ഇത്തരത്തിൽ കവർച്ച നടത്തുന്ന കൊല്ലം സ്വദേശിയെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു.

ലക്ഷ്യം ദീർഘദൂര യാത്രക്കാർ

 ജി.ആർ.പി, ആർ.പി.എഫ് പരിശോധന കാര്യക്ഷമമല്ല
 ലക്ഷ്യമിടുന്നത് ദീർഘദൂര യാത്രക്കാരെ
 വീട് അടച്ച് യാത്ര പോകുന്ന ചിലർ വിലപിടിപ്പുള്ളവ കൈയിൽ കരുതും
 യാത്രയ്ക്കിടയിൽ ചിലർ ആഭരണങ്ങൾ ഊരി ബാഗിൽ വയ്ക്കും
 ദീഘദൂര യാത്രക്കാർ ക്ഷീണിച്ച് ഉറങ്ങും

 ഈ സമയം മോഷണം നടത്തി മുങ്ങും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL