SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും സംഘർഷം: ശക്തികുളങ്ങര ബോട്ട് പിടിച്ചെടുത്ത് തമിഴ് മത്സ്യത്തൊഴിലാളികൾ

 സ്രാങ്കിനെ തട്ടിക്കൊണ്ടുപോയി

കരയിൽ ഉപേക്ഷിച്ചു

കൊല്ലം: തമിഴ്നാട് കുളച്ചലിൽ നിന്ന് 27 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കൊല്ലത്തേക്ക് വരികയായിരുന്ന ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ട് തമിഴ് മത്സ്യത്തൊഴിലാളികൾ പിടിച്ചെടുത്തു. സ്രാങ്കായ നീണ്ടകര സ്വദേശി ജോർജിനെ തട്ടിക്കൊണ്ടുപോയി കുളച്ചൽ ഹാർബറിൽ ഉപേക്ഷിച്ചു. ശക്തികുളങ്ങര സ്വദേശിയായ മിൾട്ടണിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ഫ്രാൻസിസ് എന്ന ബോട്ടാണ് പിടിച്ചെടുത്തത്.

ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മത്സ്യബന്ധനം പൂർത്തിയാക്കിയ ശേഷം കൊല്ലത്തേക്ക് മടങ്ങിവരികയായിരുന്നു സെന്റ് ഫ്രാൻസിസ് ബോട്ട്. പിന്തുടർന്നെത്തിയ നാല് തമിഴ്നാട് ബോട്ടുകൾ വളഞ്ഞു. ബോട്ടിനുള്ളിൽ കയറി സ്രാങ്കായ ജോർജിനെ അവരുടെ ബോട്ടിൽ കയറ്റി. തുടർന്ന് സെന്റ് ഫ്രാൻസിസ് ബോട്ട് തമിഴ് മത്സ്യത്തൊഴിലാളികൾ കുളച്ചൽ ഹാർബറിലേക്ക് കൊണ്ടുപോവുകയായിരുന്നു. കടലിൽ രാവും പകലും മത്സ്യബന്ധനം നടത്താം. എന്നാൽ രാത്രിയിൽ മത്സ്യബന്ധനം നടത്താൻ പാടില്ലെന്ന് പറഞ്ഞാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിന്റെ ഉടമ കുളച്ചലിലെത്തി ഫിഷറീസ് വകുപ്പ് അധികൃതരുമായും കോസ്റ്റൽ പൊലീസുമായും ചർച്ച നടത്തി. രാത്രി വൈകിയും ബോട്ട് വിട്ടുനൽകിയില്ല. 11 തൊഴിലാളികൾ ബോട്ടിൽ തന്നെ തുടരുകയാണ്. ബോട്ട് കുളച്ചൽ കോസ്റ്റൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

മത്സ്യത്തൊഴിലാളികൾ

തമ്മിൽ ചർച്ച

ഇന്ത്യൻ മഹാസമുദ്രത്തിൽ തമിഴ്നാട് തീരത്തിന് നേരേയുള്ള ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് കുളച്ചൽ ഹാർബറിലെ തമിഴ് മത്സ്യത്തൊഴിലാളികളും കേരളത്തിലെ ബോട്ടുകളിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തി. ശക്തികുളങ്ങര ബോട്ടുകളെ തമിഴ് മത്സ്യത്തൊഴിലാളികൾ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ഷിബു ജോണിന്റെ നിർദേശ പ്രകാരം കൊല്ലം കളക്ടർ കന്യാകുമാരി കളക്ടറുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് കന്യാകുമാരി കളക്ടർ കുളച്ചലിലും ശക്തികുളങ്ങരയിലും ജോലി ചെയ്യുന്ന തമിഴ് മത്സ്യത്തൊഴിലാളികളുടെ യോഗം വിളിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL