
കൊല്ലം: ഗ്രാമീണ പദ്ധതിയിലെ തൊഴിൽ ദിനങ്ങളുടെ ഇടിവ് ദിവസം പിന്നിടുംതോറും ഉയരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 54,37,002 ദിനങ്ങൾ ജില്ലയിൽ സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തികവർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ 42,19,950 തൊഴിൽദിനങ്ങൾ മാത്രമാണ് സൃഷ്ടിച്ചത്. 12,17,052 ലക്ഷം തൊഴിൽ ദിനങ്ങളാണ് ഇതുവരെ ഇടിഞ്ഞത്.
401 രൂപയാണ് പദ്ധതിയിലെ കേരളത്തിലെ കൂലി. 12,17,052 തൊഴിൽ ദിനങ്ങൾ കുറഞ്ഞതിലൂടെ ജില്ലയിൽ കൂലിയിനത്തിൽ ലഭിക്കേണ്ട 48.80 കോടി രൂപ നഷ്ടമായി. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെ പഴയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സൃഷ്ടിച്ചത് 13,87,233 തൊഴിൽ ദിനങ്ങളാണ്. ജൂലായിലാണ് വി.ബി.ജി റാം ജി ആരംഭിച്ചത്. അതിന് ശേഷമുള്ള ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള നാലുമാസക്കാലയളവിൽ 28,32,717 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. 30 ആണ് ശരാശരി തൊഴിൽദിനം.
4.09 ലക്ഷം കുടുംബങ്ങളിലെ 5.89 ലക്ഷം തൊഴിലാളികളാണ് ജില്ലയിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1.76 ലക്ഷം കുടുംബങ്ങളിലെ 1.99 ലക്ഷം പേർ സജീവ തൊഴിലാളികളാണ്. എന്നാൽ, 95000 കുടുംബങ്ങളിലെ ഒരു ലക്ഷത്തോളം തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം വരെ തൊഴിൽ നൽകാനായത്.
പ്രശ്നം നിബന്ധനകൾ
വി.ബി.ജി റാം ജി പദ്ധതിയുടെ നിബന്ധനകൾ പ്രകാരം നേരത്തെ തയ്യാറാക്കിയ ലേബർ ബഡ്ജറ്റ് പ്രകാരമുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയായി. പുതിയ പദ്ധതി പ്രകാരം ഏറ്റെടുക്കാവുന്ന 375 ഇനം പ്രവൃത്തികൾ പ്രകാരമുള്ള പദ്ധതികൾ സൃഷ്ടിക്കുന്നതിൽ പഞ്ചായത്തുകളും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല.
തൊഴിദിനങ്ങൾ മുൻ വർഷങ്ങളിൽ (ലക്ഷത്തിൽ)
2021-22- 95.5
2022- 23- 93.9
2023-24- 105.1
2024- 25- 98
2025-26- 90
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |