
കൊല്ലം: ജയിലർ 2, വിക്രം, ആംഗ്രി ബേർഡ്സ്... സിനിമാ പേരുകളല്ല, ദീപാവലി വിപണിയിലെ പടക്കങ്ങളുടെ പേരുകളാണ്. കൂടാതെ കുട്ടികളെ ആകർഷിക്കാൻ ഗിറ്റാർ പടക്കവും ദുബായ് ഫൗണ്ടനും പുതുമുഖങ്ങളായെത്തിയിട്ടുണ്ട്. വർണവിസ്മയം തീർക്കുന്ന പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാരേറെ.
ഓരോ സ്ട്രിംഗിലും വ്യത്യസ്ത ശബ്ദവും വെളിച്ചവും തീർക്കുന്ന ഗിറ്റാർ പടക്കത്തിന് 550 രൂപയാണ് വില. ദുബായ് ഫൗണ്ടന്റെ വില 3,000 രൂപയ്ക്ക് മുകളിലാണ്. പടക്കങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഒഴിവാക്കാൻ 18 ഇനങ്ങൾ ഉൾപ്പെടുത്തിയ ഗിഫ്ട് ബോക്സുകളും വ്യാപാരികൾ ഒരുക്കിയിട്ടുണ്ട്. 250 രൂപ മുതലാണ് നിരക്ക്. ഇനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിലയും ഉയരും.
അഞ്ച് സെന്റിമീറ്റർ മുതൽ 750 സെന്റിമീറ്റർ വരെ നീളത്തിലുള്ള കമ്പിത്തിരികളും വിപണിയിലുണ്ട്. 10 രൂപ മുതൽ 750 രൂപ വരെയാണ് ഇവയുടെ വില. വിവിധ നിറങ്ങളും ശബ്ദങ്ങളും വെളിച്ചവും തീർക്കുന്ന പടക്കങ്ങൾക്കാണ് വിപണിയിൽ പ്രിയമേറെ.
റോക്കറ്റുപോലെ വില
അലൂമിനിയം പൗഡർ, സൾഫർ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില ഇറാൻ-അമേരിക്ക യുദ്ധത്തെ തുടർന്ന് മൂന്നിരട്ടിയായതോടെ പടക്ക വിലയും കുതിച്ചുയർന്നു. വിലക്കയറ്റത്തിനൊപ്പം അനധികൃത കച്ചവടവും വ്യാപാരികൾക്ക് തിരിച്ചടിയായി. സുപ്രീം കോടതി നിരോധിച്ചിട്ടും തമിഴ്നാട് കേന്ദ്രീകരിച്ച് ഓൺലൈൻ പടക്കവിൽപ്പനയും സജീവമാണ്.
വരും ദിവസങ്ങളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നു. ലൈസൻസില്ലാതെ പടക്കം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
പടക്ക വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |