
കൊല്ലം: മരം മുറിക്കുന്നതിനിടയിൽ ഷോക്കേറ്റ് ബോധരഹിതനായി 40 അടിയോളം ഉയരത്തിലുള്ള മരക്കൊമ്പിൽ കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി കരുനാഗപ്പള്ളി ഫയർഫോഴ്സ്. കരുനാഗപ്പള്ളി കരോട്ടുമുക്ക് സ്വദേശി ഹംസയെയാണ് (40) രക്ഷപ്പെടുത്തിയത്.
കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലുള്ള വീട്ടുവളപ്പിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ഹംസ കയറിയ ആഞ്ഞിലി മരത്തിന് സമീപത്ത് കൂടി കെ.എസ്.ഇ.ബിയുടെ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോയിരുന്നു. വൈദ്യുതി ലൈനിന് സമീപം പെട്രോൾ ഉപയോഗിച്ചുള്ള മരം മുറി യന്ത്രം പ്രവർത്തിച്ചപ്പോൾ രൂപപ്പെട്ട കാന്തിക ശക്തിയിൽ ഹംസയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏണി ഉപയോഗിച്ച് മരത്തിന് മുകളിൽ കയറി ഹംസയെ വലയ്ക്കുള്ളിലാക്കി റോപ്പ് ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു. ഈ സമയം ഹംസയുടെ ശരീരഭാഗങ്ങൾ പലതും മരവിച്ച അവസ്ഥയിലായിരുന്നു. ഉടൻ ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ച ഹംസ അപകടനില തരണം ചെയ്തതായാണ് വിവരം.
കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എസ്.സുഭാഷ്, ഫയർമാന്മാരായ എസ്.സജിൻ, അമൃതാജ്, ലിവിംഗ്സ്റ്റൺ, നവാസ്, അമൽ, രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |