
കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തികവർഷം തൊഴിൽ ദിനങ്ങൾ കുത്തനെ ഇടിഞ്ഞത് നേരത്തെ കൂടുതൽ തൊഴിൽ നടന്നിരുന്ന മലയോര മേഖലയിൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും വി.ബി.ജി റാം ജിയിലേക്ക് മാറിയപ്പോൾ മുടങ്ങിക്കിടന്ന പദ്ധതികൾ പൂർണമായും പൂർത്തീകരിക്കേണ്ടി വന്നതാണ് മലയോര മേഖലയെ ബാധിച്ചത്.
അഞ്ചൽ, ചടയമംഗലം, വെട്ടിക്കവല, പത്തനാപുരം എന്നീ മലയോര ബ്ലോക്ക് പഞ്ചായത്തുകളിലാണ് കഴിഞ്ഞ സാമ്പത്തികവർഷം വരെ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നത്. മലയോര മേഖലയിൽ കൂടുതൽ ഒഴിഞ്ഞ സ്ഥലങ്ങളും കൃഷിഭൂമിയും ഉള്ളതായിരുന്നു അതിന് കാരണം. തീരദേശ മേഖലയിൽ ഒഴിഞ്ഞ സ്ഥലങ്ങൾ കുറവായതിനാൽ തൊഴിൽ ദിനങ്ങൾ കുറവായിരുന്നു. അതുകൊണ്ട് തന്നെ മലയോര മേഖലയിൽ കൂടുതൽ പദ്ധതികൾ മുടങ്ങിക്കിടന്നിരുന്നു. അത്തരം പദ്ധതികൾ പൂർത്തീകരിക്കാൻ ശ്രമിച്ചതോടെ ഇത്തവണത്തെ തൊഴിൽ ദിനങ്ങൾ ഇടിഞ്ഞു. തീരദേശ മേഖലയിൽ മുടങ്ങിക്കിടന്ന പദ്ധതികൾ കുറവായിരുന്നു. അതുകൊണ്ട് തീരദേശ മേഖലയിൽ ഈ സാമ്പത്തികവർഷം പുതിയ പ്രവൃത്തികൾ ഏറ്റെടുത്ത് തൊഴിൽ ദിനങ്ങൾ ഉയർത്തി.
വ്യക്തിഗത നിലം ഒരുക്കൽ
ഇല്ലാതായത് തിരിച്ചടി
സ്വകാര്യ വ്യക്തികളുടെ ഭൂമി കൃഷി യോഗ്യമാക്കുന്ന പദ്ധതിക്ക് ഈ സാമ്പത്തിക വർഷം നിയന്ത്രിച്ചതും തൊഴിൽ ദിനങ്ങൾ ഇടിഞ്ഞതിന്റെ ഒരു കാരണമാണ്. കൂടുതൽ ഒഴിഞ്ഞ സ്ഥലങ്ങളുള്ള മലയോര മേഖലയിലാണ് ഇത്തരം പ്രവൃത്തികൾ കൂടുതലായി ചെയ്തിരുന്നത്.
ബ്ലോക്കുകൾ, കഴിഞ്ഞ വർഷത്തെ തൊഴിൽ ദിനങ്ങൾ (ഏപ്രിൽ- ഒക്ടോബർ), ഇത്തവണത്തെ തൊഴിൽ ദിനങ്ങൾ (ഏപ്രിൽ- ഒക്ടോബർ)
ചവറ- 291885, 403328
ഇത്തിക്കര- 213167, 246974
ഓച്ചിറ- 327664, 334162
ചിറ്റുമല- 342787, 310926
മുഖത്തല- 245665, 202037
ശാസ്താംകോട്ട- 540655, 496212
കൊട്ടാരക്കര- 376745, 304911
പത്തനാപുരം- 649496, 488181
വെട്ടിക്കവല- 578335, 366187
ചടയമംഗലം- 874532, 550358
അഞ്ചൽ- 996071, 516674
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |