
ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) മുന്നണി മാറുമോ എന്ന ചോദ്യമാണ് 2024ൽ രാഷ്ട്രീയ കോട്ടയം പ്രധാനമായും ചർച്ച ചെയ്തത്. മാണി ഗ്രൂപ്പ് കുത്തകയാക്കിവച്ചിരുന്ന കോട്ടയം ലോക് സഭാ സീറ്റിൽ നിതാന്ത വൈരികളായ ജോസഫ് ഗ്രൂപ്പ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചുവെന്നുമാത്രമല്ല സി.പിഎം വോട്ട് പൂർണമായി ലഭിച്ചില്ലെന്ന ആരോപണവും ചർച്ചയായി. നവകേരള സദസിൽ ചാഴികാടനെ വേദിയിലിരുത്തിയുള്ള മുഖ്യമന്ത്രിയുടെ പരിഹാസം, പാലാ നഗരസഭയിൽ സിപിഎം അംഗമായിരുന്ന ബിനു പുളിക്കകണ്ടവുമായുള്ള അടിപിടി, മുനമ്പം വഖഫ് ഭൂമി, വനനിയമഭേദഗതി, വന്യമൃഗ ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ അണികളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ മാണിഗ്രൂപ്പ് നേതൃത്വത്തിന് കഴിയുന്നില്ല. ഒടുവിൽ ചെയർമാൻ ജോസ് കെ മാണിയ്ക്ക് മുഖ്യമന്ത്രിയെ കണ്ട് വനനിയമഭേദഗതി പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങളെത്തി. അവസരം മുതലെടുത്ത് യു.ഡി.എഫ് മാണി ഗ്രൂപ്പിനെ ഒപ്പമെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. എന്തായാലും തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും തുടർതീരുമാനം. കൂടുതൽ സീറ്റ് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ സീറ്റ് കൊടുക്കേണ്ടെന്നാണ് സി.പി.ഐ പറയുന്നത്. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളിലാണ്. ലോക് സഭ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽവി പ്രധാനചർച്ചയാകും.
ആളൊഴിഞ്ഞ് കോൺ. 'എ' ഗ്രൂപ്പ്
ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് കോട്ടയം എ ഗ്രൂപ്പിന്റെ വത്തിക്കാനായിരുന്നു. മരണശേഷം പല നേതാക്കളും ഔദ്യോഗികഗ്രൂപ്പിന്റെ ഭാഗമായി. മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി എം.എൽ.എ ആയെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക തീരുമാനമെടുക്കുന്നതിൽ നിന്ന് തന്നെ അകറ്റി നിറുത്തുകയാണെന്നാണ് പരാതി. പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന ആരോപണവും ചാണ്ടി ഉയർത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |