പാലാ : ഭർത്താവ് വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന പക ആളിപ്പടർന്നപ്പോൾ പൊലിഞ്ഞത് ആര്യ എന്ന യുവതിയുടെ പ്രതീക്ഷകളാണ്. മദ്യപാനിയും സംശയരോഗിയുമായ മനോജിന്റെ ക്രൂരമർദ്ദനത്തെ തുടർന്നാണ് ആര്യ വിവാഹമോചന സാദ്ധ്യത തേടിയത്. കടബാദ്ധ്യതയുടെ ചുമതലയെല്ലാം തന്റെ ചുമലിൽ വന്നതിനാലാണ് തുണിക്കടയിൽ ജോലിക്ക് പോയി കുടുംബം പോറ്റേണ്ടി വന്നതെന്ന് ആര്യ പറയുന്നു. ''എന്റെ അമ്മ കൊന്നുകളയാൻ പാകത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ല. അത്ര ദുഷ്ടനായത് കൊണ്ടല്ലേ അമ്മയെ കത്തിച്ചത്''. ഇനി എനിക്ക് ആരുണ്ട്. ദു:ഖം താങ്ങാനാകാതെ വിതുമ്പിക്കരയുന്ന ആര്യയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് ബന്ധുക്കൾക്കും അറിയില്ല. എട്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മാസം കഴിഞ്ഞതോടെ അസ്വാരസ്യം തുടങ്ങി. പിന്നെ വാക്കുതർക്കവും മർദ്ദനവുമായി. പലപ്പോഴും ആര്യയ്ക്ക് തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റു. നീതി തേടി പൊലീസ് സ്റ്റേഷനുകളിൽ കയറിയിട്ടും ഫലമുണ്ടായില്ല. പ്രശ്നം രമ്യമായി പരിഹരിക്കാൻ പറഞ്ഞ് ഉദ്യോഗസ്ഥർ പറഞ്ഞുവിടും. വീണ്ടും മനോജ് മർദ്ദനം തുടരും. സഹികെട്ടാണ് വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഇതാകട്ടെ കൊടുംപകയ്ക്ക് കാരണമായി.
അമ്മയില്ലാത്ത വിഷമം നീയറിയും
''അമ്മയില്ലാത്ത വിഷമം നീയും ഭാര്യയില്ലാത്ത വിഷമം നിന്റെ അച്ഛനുമറിയും''. പലപ്പോഴും ഈ വാക്കുപറഞ്ഞ് മനോജ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ആര്യ പറഞ്ഞു. എന്റെ അമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നില്ലേ. ഒപ്പം അയാളും പോയി. എന്നെയും അച്ഛനെയും അമ്മയേയും കൂടി എന്തെങ്കിലും ചെയ്താലും കുഴപ്പമില്ലായിരുന്നു. അമ്മയില്ലാത്ത ദുഃഖം കാണാൻ ഞാൻ ബാക്കിയായി. ആര്യക്ക് വാക്കുകൾ മുഴുമുപ്പിക്കാനാകുന്നില്ല.
ഫോണിലും നിരന്തരം ഭീഷണി
ഫോണിൽ നിരന്തര ഭീഷണി തുടർന്നതോടെ മനോജിന്റെ നമ്പർ ആര്യ ബ്ലോക്ക് ചെയ്തിരുന്നു. പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ പതിനൊന്നാമനായിരുന്നു മനോജ്. ഒരുമാസം മുൻപ് വെട്ടുകത്തിയുമായി അന്ത്യാളത്തുള്ള വീട്ടിലേക്ക് ഇയാളെത്തിയിരുന്നു. അന്ന് അച്ഛനും അമ്മയും താനും വീട്ടിലുണ്ടായിരുന്നു. കതക് കുറ്റിയിട്ടെങ്കിലും ഇയാൾ വാതിലിൽ പലവട്ടം ആഞ്ഞുചവിട്ടി. കഴിഞ്ഞയാഴ്ച വീണ്ടുമെത്തി നിർമ്മലയെ കൊല്ലുമെന്ന് മനോജ് ഭീഷണി മുഴക്കിയിരുന്നതായി നിർമ്മലയുടെ ഭർത്താവിന്റെ അമ്മ കമലാക്ഷി പറഞ്ഞു. ചൊവ്വാഴ്ച രാത്രി മരുമകളെ തീകൊളുത്തുമ്പോൾ തടസ്സം പിടിക്കാനെത്തിയ കമലാക്ഷിയോടും ഇയാൾ തലയിൽ പെട്രോൾ ഒഴിക്കുമെന്ന് പറഞ്ഞിരുന്നു.
ആദ്യമെത്തിയത് മെമ്പർ ലിന്റൺ
സംഭവമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയവരിൽ പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫുമുണ്ടായിരുന്നു. താൻ വരുമ്പോൾ നിർമ്മല ഷാളുകൊണ്ട് മുഖംമറച്ച് നടന്നുവരികയായിരുന്നു. മുഖമാകെ പൊള്ളിയിരുന്നു. കാറിൽ കയറ്റി ആശുപത്രിയിൽ എത്തുംവരെ സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് ലിന്റൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |