
കോട്ടയം : ജില്ലയിൽ ചൂട് അതിതീവ്രതയിലേയ്ക്ക്. ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 39.2 ഡിഗ്രി സെൽഷ്യസാണ്. ഉച്ചകഴിഞ്ഞ് പൂഞ്ഞാറിലായിരുന്നു ഇത്. ചുട്ടുപൊള്ളുന്ന വേനലുണ്ടാക്കുന്ന ആഘാതത്തിൽ നിന്ന് അകന്നു നിൽക്കണമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ നിലവിൽ അനുഭവപ്പെടുന്ന ചൂട് സൂര്യാഘാതത്തിന് വഴിയൊരുക്കുമെന്നതിനാൽ ജാഗ്രത കാട്ടണം. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കും. ശരീരത്തിലെ ജലനഷ്ടത്തിനെതിരെ മുൻകരുതൽ എടുക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്നു ചൂടായ ശരീരം, വേഗത്തിലുള്ള നേർത്ത നാഡീ മിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കണം. ചിലപ്പോൾ അബോധാവസ്ഥയും ഉണ്ടായേക്കാം.
വിവിധ സ്ഥലങ്ങളിലെ ചൂട് (ഡിഗ്രി സെൽഷ്യസിൽ)
കോട്ടയം : 37
കുമരകം : 34.6
വൈക്കം : 36.1
പ്രത്യേകം ശ്രദ്ധ വേണ്ടവർ
65 വയസിനു മുകളിലുള്ളവർ
നാലു വയസിനു താഴെയുള്ളവർ
പ്രമേഹം,വൃക്ക രോഗം, ഹൃദ്രോഗം ഉള്ളവർ
വെയിലത്ത് ജോലി ചെയ്യുന്നവർ
പോഷകാഹാര കുറവുള്ളവർ
തുറസായ സ്ഥലങ്ങളിൽ താമസിക്കുന്നവർ
ആശ്വാസമായി ഇളനീരും തണ്ണിമത്തനും
വേനൽച്ചൂട് കടുത്തതോടെ നഗരത്തിലുൾപ്പെടെ ഇളനീരിനും തണ്ണിമത്തനും ഡിമാൻഡേറി. പാതയോരങ്ങളിലും വിശ്രമ കേന്ദ്രങ്ങളിലും വല്പനക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ദാഹമകറ്റാൻ കൃത്രിമ പാനീയങ്ങൾ ഏറെയുണ്ടെങ്കിലും ഇളനീരിന് ഇപ്പോഴും ആവശ്യക്കാരേറെയാണ്. തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതലായും ഇളനീർ എത്തിക്കുന്നത്. പോഷകഘടകങ്ങൾ ഏറെയുള്ള ഇളനീർ ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും ഉത്തമമാണ്. ഇളം കാമ്പ് കഴിച്ച് വിശപ്പുമടക്കാം. തണ്ണിമത്തൻ ജ്യൂസിനും ആവശ്യക്കാരെറെയാണ്. കർണാടക, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തനെത്തുന്നത്. സമാം, കിരൺ, നാംധാരി, വിശാൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തൻ വിപണിയിലുണ്ട്. 20 - 30 രൂപ വരെയാണ് വില.
എല്ലാ വർഷവും സീസൺ സമയത്ത് കച്ചവടത്തിന് എത്താറുണ്ട്. ചൂട് കൂടിയതിനെ തുടർന്ന്, ഇത്തവണയും കച്ചവടവും ഉഷാറാണ്.
(അൻസർ, വ്യാപാരി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |