
പാലാ: നഗരസഭ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനെ തുടർന്ന് ധവളപത്രം ഇറക്കാൻ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനമെടുത്തു. ഭരണപക്ഷത്തെ ബിജു മാത്യൂസ് ഉന്നയിച്ച ഈ ആവശ്യം കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ഭരണപക്ഷത്തെ ബിജു പുളിക്കക്കണ്ടം രേഖാമൂലം മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
കൊട്ടാരമറ്റത്തെ കംഫർട്ട് സ്റ്റേഷൻ ശുചീകരിക്കാനും അവിടുത്തെ മറ്റ് പോരായ്മകൾ പരിഹരിക്കാനുമുള്ള വിഷയം ചർച്ചയ്ക്ക് എടുത്തപ്പോഴാണ് ബിജു മാത്യൂസ് നഗരസഭയുടെ സാമ്പത്തിക കാര്യങ്ങൾ പൊതുജനങ്ങൾക്ക് സുതാര്യമായി അറിയുന്നതിനായി ധവളപത്രം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതിപക്ഷവും ഇതിനോട് യോജിച്ചു.
ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗം കൊട്ടാരമറ്റം ബസ് ടെർമിനലിന്റെയും അവിടുത്തെ കംഫർട്ട് സ്റ്റേഷൻ സംബന്ധിച്ചുമുള്ള പ്രശ്നത്തിൽ പ്രക്ഷുബ്ധമായി.
നിലവിൽ കംഫർട്ട് സ്റ്റേഷൻ ലേലത്തിന് എടുത്തിരുന്നവർ ഏറെ നാശനഷ്ടങ്ങൾ വരുത്തിയതോടെ അതെങ്ങനെ ഈടാക്കും എന്നതായിരുന്നു ആദ്യ ചർച്ച. മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്തായിരുന്നു കംഫർട്ട് സ്റ്റേഷൻ ലേലത്തിന് നൽകിയത്. എന്നാൽ അവരുമായി യാതൊരുവിധ എഗ്രിമെന്റമുണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെ ഈ നഷ്ടങ്ങളൊന്നും ഈടാക്കാൻ നഗരസഭയ്ക്ക് സാധിക്കാത്ത അവസ്ഥയാണ്. മുൻപ് നടത്തിയിരുന്നവർ മൂന്നേകാൽ ലക്ഷം രൂപയുടെ മെയിന്റനൻസ് പണി നടത്തേണ്ട വിധമുള്ള നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനും പുറമേ നിരവധി മാസത്തെ വൈദ്യുതി കുടിശ്ശികയും അവർ അടയ്ക്കാൻ ഉണ്ട്, റവന്യൂ റിക്കവറി നടത്താൻ നടപടി വേണമെന്നായിരുന്നു ഭരണപക്ഷത്തെ തന്നെ ബിജു മാത്യൂസിന്റെ ആവശ്യം.
എന്നാൽ മുൻ ഭരണസമിതി കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരുമായി യാതൊരുവിധ ഉടമ്പടിയും ഒപ്പു വച്ചിട്ടില്ലാത്തതിനാൽ നിയമനടപടി ബുദ്ധിമുട്ടായിരിക്കുമെന്നാണ് നഗരസഭ ഉദ്യോഗസ്ഥർ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചത്.
മുൻഭരണസമിതിയുടെ വീഴ്ച: ചെയർപേഴ്സൺ
വേണ്ട എഗ്രിമെന്റ് ഇല്ലാതെ സെക്യൂരിറ്റി വാങ്ങാതെ കംഫർട്ട് സ്റ്റേഷൻ കരാറിന് കൊടുത്തത് കഴിഞ്ഞ ഭരണ സമിതിയുടെ വീഴ്ചയാണെന്ന് ചെയർ പേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം കൗൺസിൽ യോഗത്തിൽ പറഞ്ഞു.
ഇതേ സമയം ഉദ്യോഗസ്ഥരാണ് അത് നോക്കേണ്ടിയിരുന്നതെന്ന് മുൻ ചെയർപേഴ്സൺ കൂടിയായ പ്രതിപക്ഷ കൗൺസിലർ ലീനാ സണ്ണി പുരയിടം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |