SignIn
Kerala Kaumudi Online
Wednesday, 27 May 2026 12.52 AM IST

160 കോടിയുടെ അധിക ശുപാർശ; അടിമാലി ടൗണിൽ റോഡ് നാലുവരി പാതയാക്കും

അടിമാലി: ദേശീയപാത 85ൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് അധികമായി 160 കോടി രൂപ ആവശ്യപ്പെടുന്ന ശുപാർശകൾക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) അംഗീകാരം നൽകി. അടിമാലി ടൗൺ നാലുവരിപ്പാതയാക്കാനുള്ള നിർദേശവും പദ്ധതിയിലുണ്ട്. 10 മീറ്റർ വീതിയിൽ ഏറ്റവും കുറഞ്ഞത് രണ്ട് ലൈൻ വിത്ത് പേവ്ഡ് ഷോൾഡർ എന്ന നിലയിലാണ് ഇപ്പോഴത്തെ വികസന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നത്. എന്നാൽ എല്ലാ സ്ഥലത്തും 10 മീറ്റർ വീതിയെന്നത് ഉറപ്പായിട്ടില്ല. പല മേഖലകളിലും പുറമ്പോക്ക് ഉൾപ്പെടെ കൈയേറിയ നിലയിലായിരുന്നതിനാൽ വീതി ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല.അധിക ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചതോടെ നിർമാണം നടന്നു വരുന്ന 78 കീലോമീറ്റർ ഭാഗത്ത് ഏറ്റവും കുറഞ്ഞത് 10 മീറ്റർ വീതി ഉറപ്പാക്കാൻ കഴിയും. വിനോദ സഞ്ചാര മേഖലയായ മൂന്നാറിന്റെ ഇടത്താവളമായി അറിയപ്പെടുന്ന അടിമാലി ടൗൺ നാലുവരിപ്പാതയാക്കുകയെന്നത് ഹൈറേഞ്ചുകാരുടെ സ്വപ്നമായിരുന്നു. നടപ്പാക്കാൻ വെല്ലുവിളികൾ ഏറെയാണ്. ഇതോടൊപ്പം മൂന്നാർ ഉൾപ്പെടെ ഏഴ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വ്യൂ പോയിന്റുകളുമായി ബന്ധപ്പെട്ട് ഇന്റർലോക്ക് പാകും. വിവിധ ഇടങ്ങളിൽ ഒരു കിലോമീറ്റർ ദൂരത്തോളം വലിയ വളവുകളിൽ വീതി കൂട്ടും. ഇവയ്ക്ക് പുറമേ 36 കേന്ദ്രങ്ങളിൽ ബസ് ഷെൽറ്ററുകൾ നിർമിക്കും. ഇതിൽ 19 എണ്ണം അടിമാലി ടൗൺ മുതൽ മൂന്നാർ വരെയുള്ള ഭാഗത്താണ്. വാട്ടർ അതോറിട്ടിയുടെ യൂട്ടിലിറ്റി ഷിഫ്‌റ്റിംഗിനായി അടിമാലി സെക്ഷനിൽ 44.32 കീ.മി ഭാഗത്ത് തുക അനുവദിച്ചിട്ടുണ്ട്. 2.5 കി.മീ ദൂരത്തിൽ വിവിധ ഇടങ്ങളിൽ നടപ്പാതയ്ക്കും അംഗീകാരം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL