SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

ളാക്കാട്ടൂരിലെ കൂട്ടആത്മഹത്യ: മരണമൊഴികളിൽ വൈരുദ്ധ്യം,​ അന്വേഷണത്തിന് പ്രത്യേകസംഘം

kkk

കോട്ടയം: ളാക്കാട്ടൂരിൽ നാലംഗ കുടുംബം കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണത്തിനായി അയർക്കുന്നം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങൾ നൽകിയ മരണമൊഴികളിൽ വൈരുദ്ധ്യമുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ദുരൂഹതകളാണ് സംഘം പ്രധാനമായവും അന്വേഷിക്കുക. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് (ജോബി, 50), ഭാര്യ ജോസ്‌ന (40), മക്കളായ മരിയ തെരേസ (17), അലൻ തോമസ് (12) എന്നിവരാണ് കീടനാശിനി കഴിച്ച് ചികിത്സയിലിരിക്കെ വിവിധ ദിവസങ്ങളിലായി മരിച്ചത്. തോമസ്, ജോസ്‌ന, മരിയ തെരേസ എന്നിവരുടെ മരണമൊഴി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, വിഷം ശരീരത്തിൽ ചെന്ന സാഹചര്യത്തെക്കുറിച്ച് മൂവരും വ്യത്യസ്ത മൊഴികളാണ് നൽകിയത്. ഇളയ മകൻ അലന്റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ ഡോക്ടർമാർ അനുമതി നൽകിയില്ല.

 സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

കുടുംബം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ജോസ്‌ന ജോലി ചെയ്തിരുന്ന സഹകരണബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള സഹകരണബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ സ്ഥാപനത്തിനുണ്ടായ സാമ്പത്തിക ബാദ്ധ്യതകൾ തീർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അറിയിച്ചു. അതേസമയം ജോസ്‌നയുടെ സ്വകാര്യ ചിട്ടി ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ആരോപണങ്ങൾ ഉയരുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും കുടുംബാംഗങ്ങളുടെ ഫോൺവിളി രേഖകളും പരിശോധിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.

സംസ്കാരം നാളെ

നാലുപേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച്ച രാവിലെ 11ന് ചേപ്പുംപാറ മർത്തമറിയം പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്‌കാരം വൈകിട്ട് മൂന്നിന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL