SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

കണ്ണ് നനയിച്ച് കാർത്ത്യായനി,​ അനീഷ് ഇനി കണ്ണീരോർമ്മ

anish

കോട്ടയം: അമ്മയുടെ മടിയിലിരുന്ന് അവൾ അച്ഛനെ തൊട്ടുതലോടുകയാണ്. പെയ്തൊഴിയാത്ത മഴപോലെ നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകളിലേക്കും അവളുടെ നോട്ടമെത്തി. ചുറ്റും വിലാപം അണപൊട്ടിയ നിമിഷം അമ്മയെ കെട്ടിപ്പുണർന്നു.

ഒന്നുമാറിയാതെ ഒരുനിമിഷം നിഷ്ക്കളങ്കമായി അവൾ പുഞ്ചിരിച്ചപ്പോൾ ഒരു നാടിന്റെ നെ‌ഞ്ചുപിടയുകയായിരുന്നു. സിക്കിമിൽ തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ കാഴ്ചകൾക്കാണ് നാട് സാക്ഷ്യംവഹിച്ചത്. കൈക്കുഞ്ഞിനെയും മൂത്തമകൻ അർണവിനെയും ചേർത്ത് പിടിച്ച് കണ്ണീരോടെ നിന്ന ഭാര്യ സംഗീതയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും അയൽവാസികൾക്കുമായില്ല.

എട്ടുമാസം പ്രായമായ അനീഷിന്റെ ഇളയമകൾ കാർത്ത്യായനി അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർക്ക് നൊമ്പരമായി. ഇനി അച്ഛനില്ലെന്ന സത്യമാറിയാതെ അവൾ ചുറ്റും നോക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മകളുടെ നൂലുകെട്ട് ചടങ്ങിനാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്. ഓണത്തിന് വീണ്ടും വരാമെന്ന് പറഞ്ഞ് മടങ്ങിയ അനീഷിനെ വിധി കവരുകയായിരുന്നു.

നല്ലത് മാത്രം പറയാൻ

പഠനകാലത്ത് കഥകളെഴുതുമായിരുന്ന, പഠിക്കാൻ ഉത്സാഹിയായ അനീഷിനെക്കുറിച്ച് സഹപാഠികൾക്കും അദ്ധ്യാപകർക്കും നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ശാസ്ത്രമേഖലയോട് താല്പര്യമുണ്ടായിരുന്ന അനീഷിന് വിദേശത്തേക്ക് പോകാൻ അവസരങ്ങൾ ലഭിച്ചെങ്കിലും രാജ്യം വിട്ട് ജോലിക്ക് പോകാൻ തയാറായിരുന്നില്ല. ദിവസങ്ങളോളം നീണ്ട തിരച്ചിലിനും അനിശ്ചിതത്വത്തിനും ശേഷമാണ് ഇന്നലെ മൃതദേഹം നാട്ടിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL