ട്രെയിൻ ടിക്കറ്റുകൾ വെയ്‌റ്റിംഗ് ലിസ്റ്റിൽ, ബസിൽ കൊള്ളനിരക്ക്
കോട്ടയം: ഓണക്കാലം അടുത്തതോടെ മറുനാടൻ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര വീണ്ടും പ്രതിസന്ധിയിലായി. ട്രെയിനുകളിൽ ടിക്കറ്റുകൾ വേഗത്തിൽ തീർന്നതോടെ സ്വകാര്യ ബസുകൾ വൻതോതിൽ നിരക്ക് ഉയർത്തി.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബയ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിലെ ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലായി. കൂടുതൽ, സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും അത് പോരാത്ത അവസ്ഥയാണ്. ജനറൽ കോച്ചുകളുടെ എണ്ണം കുറഞ്ഞതും വന്ദേഭാരത് ഉൾപ്പെടെയുള്ള സർവീസുകളിലെ ടിക്കറ്റ് ക്ഷാമവും യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. സ്വകാര്യ സ്ലീപ്പർ ബസുകളിൽ സാധാരണ നിരക്കിന്റെ അഞ്ചിരട്ടി വരെയാണ് ഈടാക്കുന്നത്.
കെ.എസ്.ആർ.ടി.സി ഓണ സ്‌പെഷ്യൽ പ്രഖ്യാപിച്ചിട്ടില്ല
കെ.എസ്.ആർ.ടി.സി.യിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുമെങ്കിലും ഇതുവരെ ഓണ സ്‌പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനാന്തര സർവീസുകളും മറ്റു ജില്ലകളിലേക്കുള്ള പ്രത്യേക സർവീസുകളും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഓണത്തിന് നാട്ടിലെത്താൻ കാത്തിരിക്കുന്നത്.
മുമ്പ് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൂടുതൽ തിരക്കെങ്കിൽ ഇപ്പോൾ ഹൈദരാബാദ്, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെയും എണ്ണവും വർദ്ധിച്ചു.
ബസുകളിൽ ഓണക്കാലത്ത് നിലവിലെ നിരക്കിന്റെ ഇരട്ടിയോളം ഈടാക്കുന്നത് യാത്രക്കാരുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
നിലവിൽ 549 രൂപ മുതൽ 1,000 രൂപ വരെയുള്ള ബംഗളൂരു - കോട്ടയം ബസ് ടിക്കറ്റ് ഓണത്തോടടുക്കുമ്പോൾ 3,000ലേക്കും ചില സർവീസുകളിൽ 5,000 വരെയും ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |