
ചങ്ങനാശേരി: സ്വന്തം വീട് പൂട്ടിയിട്ട് പ്രതിമാസം 11000 രൂപ വാടക നൽകി മറ്റൊരിടത്ത് താമസിക്കുകയാണ് കുഞ്ഞുമോൻ. ചികിത്സാ ആവശ്യങ്ങൾ മൂലം കെ.പി ജോസഫും കുടുംബവും വാടകവീട്ടിലേക്ക് മാറി. യാത്രാസൗകര്യമില്ലാത്തതിനാൽ മക്കളുടെ വിവാഹം പോലും മുടങ്ങുന്ന അവസ്ഥയിൽ വീടുകൾ ഉപേക്ഷിച്ചവർ... സ്വപ്നയും പി.ഡി സുകുമാരനും മീനാക്ഷി സുശീലനുമൊക്കെ അവരുടെ ദുരിതചിത്രം പറഞ്ഞുനിറുത്തുകയാണ്. വീട്ടിലേക്കുള്ള വഴി മാത്രമല്ല പ്രശ്നം. ജീവിക്കാനുള്ള എല്ലാ വഴികളുമടഞ്ഞതോടെ ജനിച്ച നാടുവിട്ട് വാടകവീട്ടിൽ അഭയം തേടുകയാണ് ഒരുകൂട്ടം മനുഷ്യർ. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡ് കാവാലിക്കരി ബണ്ട് റോഡിൽ താമസിക്കുന്നവർ മനസില്ലാമനസോടെയാണ് സ്വന്തം വീടുകൾ ഉപേക്ഷിച്ചുപോകുന്നത്. വീട്ടിലേക്കെത്താൻ ഒരു നടപ്പാലം പോലും ഇല്ലാത്ത സാഹചര്യത്തിൽ തങ്ങൾ ഇവിടെങ്ങനെ കഴിയുമെന്നാണ് ഈ പാവങ്ങളുടെ ചോദ്യം.
മറുകരയെത്താൻ താത്ക്കാലിക ചങ്ങാടം
പ്രദേശത്തെ തോട്ടിൽ പോളയും പുല്ലും നിറഞ്ഞതോടെ പുറംലോകത്തേക്ക് എത്താൻപോലും കഴിയാത്ത അവസ്ഥയുണ്ട്. എട്ട് കുടുംബങ്ങളിൽ ഏഴ് പേരും വീട് പൂട്ടി മറ്റിടങ്ങളിലേക്ക് മാറി. നിലവിൽ തെർമോക്കോളും പഴയ ഫ്രിഡ്ജിന്റെ ഡോറും ഉപയോഗിച്ച് നാട്ടുകാർ തന്നെ നിർമ്മിച്ച താത്ക്കാലിക ചങ്ങാടമാണ് തോടിനക്കരെ എത്താനുള്ള ഏക ആശ്രയം. ചെങ്ങാടം നീക്കാൻ കുറുകെ കെട്ടിയ കയറിൽ വലിക്കണം. പോള മാറ്റാൻ രണ്ട് പേരുടെ സഹായം വേണം.
ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ തങ്ങളെങ്ങനെ ഇവിടെ ജീവിക്കുമെന്ന് പ്രദേശവാസികൾ
ബോട്ട് ജെട്ടി തോട്ടിലെ പോള അടിയന്തരമായി നീക്കം ചെയ്യണം. ജലപാതയിലൂടെ ബോട്ടുകൾക്ക് സഞ്ചരിക്കാനാകുന്ന ഉയരത്തിൽ നടപ്പാലം നിർമിച്ച് ദുരിതത്തിന് ശാശ്വതപരിഹാരം കാണണം. (പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |