
കോട്ടയം: മഴ അൽപ്പം മാറി മാനം തെളിഞ്ഞെങ്കിലും ജില്ല ആശങ്കയുടെ മുൾമുനയിലാണ്. മലയോരമേഖലയിൽ ഉരുൾഭീതി ഒഴിഞ്ഞിട്ടില്ല. ആശങ്ക ഇരട്ടിയാക്കി കിഴക്കൻവെള്ളം പടിഞ്ഞാറൻ മേഖലയിലേക്ക് ഇരച്ചുകയറുകയാണ്. ഈരാറ്റുപേട്ടയെ ഒറ്റ രാത്രികൊണ്ട് വിഴുങ്ങിയ മീനച്ചിലാർ ഇന്നലെയും നിറഞ്ഞൊഴുകുകയാണ്. പാലാ വരെ ജലനിരപ്പ് താഴ്ന്നെങ്കിലും പേരൂർ മുതൽ കിഴക്കോട്ട് അപകടനിരപ്പിനും മുകളിലായിരുന്നു ജലനിരപ്പ്. മീനന്തറയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നില്ലെങ്കിലും മീനച്ചിലാറ്റിൽ ഇപ്പോഴും രൗദ്രഭാവം കാട്ടുകയാണ്. അതേസമയം മണിമലയാറ്റിൽ അതിവേഗം ജലനിരപ്പ് താഴ്ന്നത് തീരവാസികൾക്ക് ആശ്വാസമായി. മുണ്ടക്കയവും എരുമേലിയും മണിമലയുമെല്ലാം വെള്ളപ്പൊക്കമൊഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു.
ഈരാറ്റുപേട്ട ദുരിതക്കയത്തിൽ
ഈരാറ്റുപേട്ടയിലെ വെള്ളമിറങ്ങിയെങ്കിലും ദുരിതം തുടരുകയാണ്. സ്ഥാപനങ്ങളിലും കടകളിലും കയറിയ ചെളിയും വെള്ളവും നീക്കുന്ന തിരക്കിലായിരുന്നു ഇന്നലെ പ്രദേശവാസികൾ. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും മലഞ്ചരക്കുമൊക്കെ മഴയിൽ നശിച്ചു. നൂറുകണക്കിന് വീടുകളിലെ ഗൃഹോപകരണങ്ങളും വാഹനങ്ങളും നാശമായി. മാനം തെളിഞ്ഞാൽ പാലായിൽ നിന്നു വെള്ളമിറങ്ങുന്നതായിരുന്നു പതിവെങ്കിൽ ഇത്തവണ തെറ്റി. വെള്ളമിറങ്ങാൻ വൈകിയത് പാലായിൽ കണക്ക് ഇരട്ടിയാക്കി. 2018ലെ പ്രളയത്തിന് സമാനമായ രീതിയിലാണ് പാലായിൽ പലയിടങ്ങളിലും ജലനിരപ്പുയർന്നത്.
കൃഷി അവതാളത്തിൽ
കഴിഞ്ഞദിവസം വരെ വെള്ളമില്ലാതെ വലഞ്ഞ നെൽക്കർഷകരുടെ കൃഷി മുഴുവൻ പ്രളയജലത്തിലാകുമോയെന്ന ആശങ്കയാണ്. ബണ്ട് ബലപ്പെടുത്തി സംരക്ഷണമൊരുക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട്. ഓണത്തിനായി ഒരുക്കിയിരിക്കുന്ന ഏത്തവാഴക്കൃഷിയും പച്ചക്കറി കൃഷികളും പ്രളയജലത്തിൽ നശിക്കുന്ന അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |