കോട്ടയം: ഒടുവിൽ മഴ ഉയർത്തിയ ആശങ്ക പതിയെ അകന്നുതുടങ്ങി. ദിവസങ്ങളായി ജില്ലയെ ദുരിതത്തിലാഴ്ത്തിയ മഴയുടെ തീവ്രത കുറഞ്ഞതോടെ ആശ്വാസത്തിന്റെ കണിക. ഇന്നലെ പകൽ മഴയ്ക്ക് കാര്യമായ ശമനമുണ്ടായെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അതേസമയം പടിഞ്ഞാറൻ മേഖലയിലെ ചില സ്ഥലങ്ങളിൽ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങി. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ചില പ്രദേശങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരുകയും ചെയ്തിട്ടുണ്ട്.
അയർക്കുന്നം, പുതുപ്പള്ളി, വിജയപുരം, മണർകാട്, അയ്മനം, തിരുവാർപ്പ്, കുമരകം, നീണ്ടൂർ, കല്ലറ, കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളിലും ഏറ്റുമാനൂർ, കോട്ടയം നഗരസഭാ പരിധികളിലും വെള്ളക്കെട്ട് തുടരുകയാണ്. പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലാണ് കഴിയുന്നത്. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് താഴ്ന്നത് ആശ്വാസം പകരുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ: 154
ക്യാമ്പുകൾ കഴിയുന്നവർ: 8321 പേർ
നീങ്ങാതെ ഗതാഗതതടസം
പ്രധാന റോഡുകളിലും ഗ്രാമീണപാതകളിലും വെള്ളക്കെട്ട് തുടരുന്നതിനാൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാനും ബദൽ മാർഗങ്ങൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
തടസം നേരിടുന്നത്
മണർകാട് ഏറ്റുമാനൂർ ബൈപ്പാസ്
മണിപ്പുഴ ഈരയിൽക്കടവ് ജംഗ്ഷൻ
പുതുപ്പള്ളി എരമല്ലൂർ പരുത്തുംപാറ റോഡ്, കോട്ടാരത്തിൽ കടവ് റോഡ്
പാലൂർപ്പടി ചെമ്മാരപ്പള്ളി റോഡ്
നിയന്ത്രണം തുടരുന്നു
കോട്ടയം-കുമരകം റോഡിൽ കടത്തുകടവ് ഭാഗത്ത് നിയന്ത്രണം തുടരുകയാണ്. കോട്ടയം തിരുവാർപ്പ് റോഡിലൂടെ നിലവിൽ വലിയ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. വെള്ളൂർ, ഏറ്റുമാനൂർ, അയർക്കുന്നം, നീണ്ടൂർ, കല്ലറ, വടവാതൂർ, ആറുമാനൂർ തുടങ്ങിയ മേഖലകളിലെ നിരവധി റോഡുകളിൽ വെള്ളക്കെട്ട് മൂലം ചെറിയ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വടയാർ, കുലശേഖരമംഗലം, ചെമ്പ്, വെച്ചൂർ, കല്ലറ, കടുത്തുരുത്തി, ഉദയനാപുരം, ടി.വി.പുരം എന്നിവിടങ്ങളിലെ നിരവധി ഉപറോഡുകൾ വെള്ളത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |