
കോട്ടയം: ഓണക്കാലമെന്നാൽ ഓഫറുകളുടെ കാലംകൂടിയാണ്. എന്തിനും ഏതിനും ഓഫറുകൾ. ഓണത്തിന് പുതിയ സാധനങ്ങൾ വാങ്ങാനുള്ള മലയാളികളുടെ ഓട്ടപ്പാച്ചിൽ ഗൃഹോപകരണ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. വൻ വിലക്കുറവും ക്യാഷ്ബാക്കും ഇ.എം.ഐ സൗകര്യങ്ങളും ആകർഷകമായ സമ്മാനപദ്ധതികളുമായി വ്യാപാരികൾ രംഗത്തെത്തിയതോടെ ഗൃഹോപകരണ വില്പനശാലകളിൽ തിരക്കേറുകയാണ്. ഗൃഹപ്രവേശനങ്ങളും ഓണാഘോഷങ്ങളും മുന്നിൽ കണ്ട് ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി തുടങ്ങിയവ വാങ്ങാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.
പുതിയതിലേക്ക് മാറാൻ തിരക്ക്
പല കുടുംബങ്ങളും ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാങ്ങാൻ ഓണക്കാലമാണ് തിരഞ്ഞെടുക്കുന്നത്. പുതുതായി വാങ്ങുന്നവരും നിലവിലുള്ളവ മാറ്റി പുതിയ മോഡലുകൾ സ്വന്തമാക്കുന്നവരും ഏറെയാണ്. പ്രധാന ബ്രാൻഡുകൾ ക്യാഷ്ബാക്ക് ഓഫറുകൾ നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ടി.വികൾക്ക് നാല് വർഷം വരെ വാറന്റിയും 10,000 രൂപ വരെ ക്യാഷ്ബാക്കും ലഭ്യമാണെന്നാണ് വ്യാപാരികളുടെ വാഗ്ദാനം. ഫ്രിഡ്ജിന് 20,000 രൂപ വരെയും വാഷിംഗ് മെഷീന് 9,000 രൂപ വരെയും ക്യാഷ്ബാക്ക് ഓഫറുകളുണ്ട്.
മിക്‌സി, ഇൻഡക്ഷൻ കുക്കർ, വാക്വം ക്ലീനർ, സീലിംഗ് ഫാൻ തുടങ്ങിയവയ്ക്ക് 20 മുതൽ 60 ശതമാനം വരെ വിലക്കുറവ്.
സമ്മാനങ്ങൾ നിരവധി
ഒരു രൂപ പോലും മുൻകൂറായി നൽകാതെ ഇ.എം.ഐ വഴി ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള സൗകര്യവും ലഭ്യമാണ്. സമ്മാനപദ്ധതികളും കൂപ്പൺ നറുക്കെടുപ്പുകളും സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്വർണനാണയം മുതൽ വിദേശയാത്ര വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില സ്ഥാപനങ്ങൾ ബമ്പർ സമ്മാനമായി കാറുകളും വാഗ്ദാനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |