
കോട്ടയം: ഒരു മാസം മുമ്പ് പെരുമഴയായിരുന്നു. പിന്നാലെ വെള്ളപ്പൊക്കവും. പെരുമഴയിൽ മുങ്ങിയ ജില്ല ഇപ്പോൾ വിയർക്കുകയാണ്. ആരും വലഞ്ഞുപോകുന്ന ചൂട്. ഒപ്പം ജലക്ഷാമ ഭീതിയും. ദിവസങ്ങൾക്കിടെയാണ് കുത്തനെ താപനില ഉയർന്നത്. ജലാശയങ്ങളിൽ ജലനിരപ്പ് താഴുകയാണ്. കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റത്തിൽ ജില്ല പകച്ചുനിൽക്കുകയാണ്. ആഗസ്ത് ഒന്നിന് രാവിലെ പെയ്ത പെരുമഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം ദിവസങ്ങളോളം നീണ്ടു. താലൂക്കിലെ നിരവധി പ്രദേശങ്ങളും വീടുകളും രണ്ടാഴ്ചയോളം വെള്ളത്തിലായിരുന്നു. പ്രളയസമാനമായ സാഹചര്യത്തിൽ നിന്ന് ഒരു മാസം പിന്നിടുമ്പോഴേക്കും അതേ പ്രദേശങ്ങളിൽ ജലലഭ്യതകുറഞ്ഞു.
ചൂടിൽ വെന്തുരുകുന്നു...
രണ്ടു ദിവസമായി ജില്ലയിൽ വേനൽക്കാലത്തിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച പകൽ 34 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ഇന്നലെ ചൂട് ഇതിലും വർദ്ധിച്ചു. ചൊവ്വാഴ്ച പകൽ 30 ഡിഗ്രിയായിരുന്ന താപനിലയാണ് ദിവസങ്ങൾക്കുള്ളിൽ കുത്തനെ ഉയർന്നത്.
ആശങ്ക ഇരട്ടിച്ചു
കാലവർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ മഴ ദുർബലമായതും ആശങ്കയ്ക്ക് ഇടയാക്കുന്നു. ശക്തമായ മൺസൂണും പിന്നാലെയെത്തുന്ന തുലാവർഷവുമാണ് വേനൽക്കാലത്തെ ജലലഭ്യത ഉറപ്പാക്കുന്നതിൽ നിർണായകമാകുന്നത്.
8%
ഇന്നലെ വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ മഴക്കുറവ് എട്ട് ശതമാനമാണ്. 20 ശതമാനം വരെയുള്ള കുറവ് ശരാശരി ഗണത്തിലാണ് ഉൾപ്പെടുന്നത്. മഴയുടെ ലഭ്യത കുറയുന്നത് വേനൽക്കാലത്ത് തിരിച്ചടിയാകും. ഇത്തവണ തുടക്കം മുതൽ തന്നെ കാലവർഷം ദുർബലമായിരുന്നു.
മഴ കുറഞ്ഞു
ജൂൺ, ജൂലായ് മാസങ്ങളിൽ ഏറിയ ദിവസങ്ങളിലും മഴ മാറിനിന്നു
ശക്തമായ മഴ ലഭിച്ചത് ആഗസ്തിലെ ആദ്യവാരത്തിൽ മാത്രം
ഏതാനും വർഷങ്ങളായി തുലാവർഷവും ദുർബലമാകുന്ന സാഹചര്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |