
കോട്ടയം: വിനു ജോബ് നിയസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് മുന്നണികൾ. മൂന്ന് മുന്നണികളും സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയെന്നാണ് സൂചന.
23 അംഗ ജില്ലാപഞ്ചായത്തിൽ 15 അംഗങ്ങളുമായി യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മത്സരത്തിന്റെ ഫലം എന്തായാലും ഭരണത്തെ ബാധിക്കില്ല. പക്ഷേ തൃക്കൊടിത്താനം ഡിവിഷൻ തിരിച്ചുപടിക്കേണ്ടത് എൽ.ഡി.എഫിന്റേയും നിലനിറുത്തേണ്ടത് യു.ഡി.എഫിന്റെയും വോട്ട് വിഹിതം വർദ്ധിപ്പിക്കേണ്ടത് ബി.ജെ.പിയുടേയും അഭിമാനപ്രശ്നമാണ്. 47 വാർഡുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുടെ മുഴുവൻ വാർഡുകളും, മാടപ്പള്ളി പഞ്ചായത്തിന്റെ 6 വാർഡും, വാഴപ്പള്ളി പഞ്ചായത്തിന്റെ 2 വാർഡും ഉൾപ്പെടും. യു.ഡി.എഫിന് ഡിവിഷൻ നഷ്ടപ്പെട്ടാൽ ഭരണ പരാജയം മൂലമെന്ന് വ്യാഖ്യാനമുണ്ടാവും. അതിനാൽ കരുത്തനെ രംഗത്തിറക്കണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണിത്.
പോരിന് ആരെല്ലാം
അന്തിമ തീരുമാനമായില്ലെങ്കിലും ഡോ.ജോബിൻ എസ്. കൊട്ടാരം യു.ഡി.എഫ് സ്ഥാനാർത്ഥി ആകാനാണ് സാധ്യത. പ്രാദേശിക നേതാക്കളേയും പരിഗണിക്കുന്നുണ്ട്. പോരാട്ടം സി.പി.എമ്മിനും നിർണായകമാണ്. മുൻ ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്തിന് നറുക്ക് വീഴാനാണ് സാധ്യത. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും 743 വോട്ടുകൾക്കാണ് വിനു ജോബിനോട് പരാജയപ്പെട്ടത്. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗമാണ്. മണ്ഡലം പ്രസിഡന്റ് ഗോപൻ മണിമുറിയെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |