SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

വേണം കായൽ ടൂറിസത്തിന് പുതുമ.... ഹൗസ് ബോട്ടുകളോട്  അത്ര പ്രിയം പോരാ

boat

കോട്ടയം : ഒരുമിച്ചൊരു അവധി കിട്ടിയാൽ കുമരകത്തെ ഹൗസ് ബോട്ട് മേഖലയാകെ ഉണർവിലാകുന്നതാണ് പതിവ്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. കായലിന് നടുവിൽ നങ്കൂരമിട്ട് കിടക്കുകയാണ് പകുതിയിലധികം ബോട്ടുകളും. റിസോർട്ടുകളിൽ ബുക്കിംഗ് കൂടുമ്പോഴും ഹൗസ് ബോട്ട് ടൂറിസത്തിന് ആളുകൾ കുറയുന്നത് ടൂറിസം മേഖലയിൽ പുതുമയുണ്ടാവാത്തതിനാൽ ആണെന്നാണ് വിമർശനം. മൂന്ന് പതിറ്റാണ്ടിലേറെയായുള്ള പതിവ് റൂട്ട് തദ്ദേശ ടൂറിസ്റ്റുകൾക്ക് ചെടിച്ചു തുടങ്ങിയെന്നാണ് സംരംഭകർ പറയുന്നത്. പകരം കനാൽ തെളിച്ചും പാലങ്ങൾ ഉയർത്തിയും ഹൗസ് ബോട്ടുകൾക്ക് വഴിയൊരുക്കിയാൽ ഗ്രാമീണ ടൂറിസത്തിന് കൂടുതൽ കരുത്തുപകരും. ഓണം മുതൽ ടൂറിസം സീസൺ തുടങ്ങേണ്ടതാണ്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും തദ്ദേശീയരുടെ ബുക്കിംഗുണ്ട്. എന്നാൽ ഇവർക്ക് ബോട്ടുകളോടുള്ള പ്രിയം കുറയുകയാണ്. ഹൗസ്ബോട്ട് യാത്ര തിരഞ്ഞെടുത്തിരുന്ന അന്യസംസ്ഥാന,​ വിദേശ ടൂറിസ്റ്റുകളുടെ കുറവും തിരിച്ചടിയായി. ഇതിന് പരിഹാരമായാണ് ഹൗസ്ബോട്ടുകളിൽ ഉൾഗ്രാമങ്ങളിലേയ്ക്കുള്ള യാത്രയെന്ന പുതിയ ആശയം. ചില പാലങ്ങളുടെ ഉയരം കൂട്ടിയാൽ ഇത് സാദ്ധ്യമാകും. ഉൾത്തോടുകളിലൂടെ ഹൗസ് ബോട്ടുകൾ പോകുന്നത് ഉത്തരവാദിത്വ ടൂറിസത്തിന് മുതൽക്കൂട്ടാകും. ആമ്പൽ വസന്തം അടക്കം ജനകീയമാകുമ്പോൾ ഇതുവഴിയുള്ള ഹൗസ് ബോട്ട് യാത്ര ജനപ്രിയമാകും.

പാലം ഉയർന്നാൽ സഞ്ചാരികൾ ഉണരും

ചീപ്പുങ്കൽ,​ കൈപ്പുഴമുട്ട് പാലങ്ങളുടെ ഉയരം വർദ്ധിപ്പിച്ചാൽ ഈ മേഖലയിൽ വൻകുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചീപ്പുങ്കൽ വഴി മണിയാപറമ്പ്,​ കുട്ടോമ്പുറം,​ ചൊഴലിക്കുഴി,​ ചേക്ക,​ എന്നിവ കറങ്ങി തിരികെ കൈപ്പുഴമുട്ട് പാലം വഴി വേമ്പനാട്ടുകായലിലേയ്ക്ക് പ്രവേശിക്കാം. ഗ്രാമീണ കാഴ്ചകളും ജീവിതവും കണ്ടറിയാം. ജനുവരി ഒഴികെയുള്ള എല്ലാ മാസങ്ങളിലും ഈ ഭാഗങ്ങളിൽ ആമ്പൽപ്പാടമുണ്ടാകും. ഫോട്ടോയെടുക്കാനും ഷൂട്ട് ചെയ്യാനും റീൽസ് ചെയ്യാനുമൊക്കെ ഹൗസ് ബോട്ടിന്റെ സാദ്ധ്യത കൂടി പ്രയോജനപ്പെടുത്താം. ഭാവിയിൽ ഉൾനാടൻ ടൂറിസത്തിനും മുതൽക്കൂട്ടാകും. ഓയിൽ പാമിന്റെ പനകളുടെ ഫാമും ഈ ഭാഗത്താണ്.

ഹൈറേഞ്ചിലേക്ക് 'കുടിയേറ്റം'
പകുതി ഹൗസ്‌ബോട്ടുകൾക്ക് പോലും ബുക്കിംഗ് ഇല്ല
ഉത്തരേന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ ഇടിവ്
മലയാളികൾക്ക് പ്രിയം കൂടുതൽ ഹൈറേഞ്ച് മേഖല

'' കായൽ ടൂറിസത്തിന് കൂടുതൽ പുതുമയുണ്ടാകണം. ഇതിനായി അധികൃതർ നടപടിയെടുക്കണം. തുടക്കത്തിൽ രണ്ട് പാലങ്ങളുടെ ഉയരം വർദ്ധിപ്പിച്ചാൽ പോലും വലിയ മാറ്റമുണ്ടാവും.

ഷനോജ് ഇന്ദ്രപ്രസ്ഥം,​ ഹൗസ്ബോട്ട് ഓണേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL