കോട്ടയം : സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്റെ സിറ്റിംഗിൽ 32 കേസുകൾ പരിഗണിച്ചതിൽ 25 എണ്ണം തീർപ്പാക്കി. എട്ടു കേസുകൾ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചു. കമ്മിഷൻ അംഗങ്ങളായ ടി.സി. ജലജമോൾ, പി. ഷാജേഷ് ഭാസ്‌കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. ചങ്ങനാശേരി നഗരസഭാപരിധിയിലെ ഓട്ടിസം സെന്റർ മാടപ്പള്ളിയിലേക്ക് മാറ്റുന്നതിനെതിരെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇടപെട്ട കമ്മിഷൻ നഗരസഭാപരിധിയിൽ സബ്‌സെന്ററിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് സെക്രട്ടറിക്കും വിദ്യാഭ്യാസവകുപ്പിനും നിർദ്ദേശം നൽകി.
സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുമ്പോൾൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കണം. ഈ വിഷയത്തിൽ കുട്ടികളാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ രാമപുരം ഗവ. ആശുപത്രിയിൽ അനാസ്ഥയുണ്ടായെന്ന പരാതിയിൽ ജാഗ്രത പുലർത്തണമെന്ന് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.
അയൽവാസി മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിൽ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. സ്‌കൂൾ അധികൃതരിൽനിന്ന് കുട്ടികൾക്ക് മോശം അനുഭവം നേരിട്ടെന്ന പരാതികളിൽ സ്‌കൂൾ അധികൃതരെ കമ്മിഷൻ താക്കീത് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |