കോട്ടയം: മഴക്കാലം പിന്നിടുംമുമ്പേ ജില്ലയിൽ അനുഭവപ്പെടുന്ന അസാധാരണ ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണത്തോതും അപകടകരമായ നിലയിലേക്ക്. ചങ്ങനാശേരിയിൽ ഇന്നലെ യു.വി ഇൻഡക്‌സ് 10ലെത്തി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽച്ചൂട് ശക്തമാകുന്ന സമയത്ത് സാധാരണയായി പരമാവധി 8 വരെയെത്തുന്ന യു.വി ഇൻഡക്‌സാണ് ഈ മാസം ആദ്യം തന്നെ പത്തിലെത്തിയത്. സംസ്ഥാനത്ത് ആലപ്പുഴയ്ക്കും ഇടുക്കിയിലെ മൂന്നാറിനുമൊപ്പമാണ് ചങ്ങനാശേരിയിലും യു.വി ഇൻഡക്‌സ് 10 രേഖപ്പെടുത്തിയത്. അൾട്രാവയലറ്റ് റേഡിയോ മീറ്ററുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.വി ഇൻഡക്‌സ് കണക്കാക്കുന്നത്. എല്ലാ ജില്ലകളിലും അൾട്രാവയലറ്റ് റേഡിയോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ ചങ്ങനാശേരിയിലാണ് മീറ്റർ. അൾട്രാവയലറ്റ് വികിരണം അമിതമായി ഏൽക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും നേത്രേരാഗങ്ങൾക്കും ഇടയാക്കും.
പതിനൊന്നിലെത്തിയാൽ റെഡ് അലർട്ട്
നിലവിൽ യു.വി ഇൻഡക്‌സ് ഓറഞ്ച് അലർട്ടിലാണ്. 11ൽ എത്തിയാൽ റെഡ് അലർട്ടാകും. യു.വി ഇൻഡക്‌സ് 5 വരെയാണ് മനുഷ്യർക്ക് ഹാനികരമല്ലാത്ത തോത്. 6 മുതൽ 7 വരെ മഞ്ഞ അലർട്ട്. 8 മുതൽ 10 വരെ ഓറഞ്ച് അലർട്ട് 11 മുതൽ റെഡ് അലർട്ട്
സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
1പകൽസമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
2പരമാവധി ശുദ്ധജലം കുടിക്കുക.
3മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കുക.
4അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
5പുറത്തിറങ്ങുമ്പോൾ ചെരുപ്പ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
6പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
മുൻകരുതൽ വേണം
തീപിടുത്തസാദ്ധ്യത മുൻനിറുത്തി സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.
കുടിവെള്ളം ഉറപ്പാക്കണം
വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ,
നിർമ്മാണത്തൊഴിലാളികൾ എന്നിവർ മുൻകരുതൽ സ്വീകരിക്കണം.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകും. ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം. (കാലാവസ്ഥ വകുപ്പ് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |