
ആട്ടിൻകുട്ടിയെ കടിച്ചു കീറി
തലയോലപ്പറമ്പ് : കൂട്ടമായി എത്തിയ അക്രമകാരികളായ തെരുവ് നായ്ക്കൾ ആട്ടിൻകുട്ടിയെ കടിച്ചു കീറി. തലയോലപ്പറമ്പ് പഞ്ചായത്ത് 12-ാം വാർഡിൽ കുറുന്തറ ഭാഗത്ത് രാജേഷ് ഭവനിൽ സരസു രവീന്ദ്രന്റെ 6 മാസം പ്രായമുള്ള പെണ്ണാടിനെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. സമീപത്തെ റോഡരികിലുള്ള പുരയിടത്തിൽ തീറ്റ കഴിക്കുന്നതിനായി കെട്ടിയിട്ടതായിരുന്നു ആട്ടിൻകുട്ടിയെ. നിർത്താതെയുള്ള കരച്ചിൽ കേട്ട് ഉടമയും വഴിയാത്രക്കാരും ഓടിയെത്തിയപ്പോഴാണ് നായ്ക്കൾ ആക്രമിക്കുന്നത് കണ്ടത്. കഴുത്തിനും പിൻഭാഗത്തെ ഇരുകാലുകൾക്കും ആഴത്തിൽ കടിയേറ്റ് രക്തം വാർന്ന ആട്ടിൻകുട്ടിയെ ഉടൻ തലയോലപ്പറമ്പ് മൃഗാശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി.
ഒരാഴ്ച മുമ്പ് തലയോലപ്പറമ്പ് ബസ് സ്റ്റാൻഡ് ഭാഗത്ത് തെരുവ് നായ ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |