SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

പൊള്ളും ചൂടിൽ വേവിക്കും വൈദ്യുതി മുടക്കം പോയാൽ പോയി, വന്നാൽ വന്നു!

കോട്ടയം: എങ്ങനെ കിടന്നുറങ്ങുമെന്ന് അറിയില്ല. ഒരുപോളെ കണ്ണടയ്ക്കാൻ കഴിയില്ല. തീച്ചൂളയിലല്ലേ ജീവിതം!. പകൽ മാത്രമല്ല, രാത്രിയിലും കനത്തചൂട് തുടരുന്നതിനിടെ ഇടവിട്ട് മണിക്കൂറുകളോളമുള്ള വൈദ്യുതിമുടക്കം ജനജീവിതം ദുഹസമാക്കുകയാണ്. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വൈദ്യുതി നിലയ്ക്കുന്നതോടെ ഫാനും എ.സിയും പ്രവർത്തിപ്പിക്കാനാകാതെ വലയുകയാണ്.

പകൽസമയത്ത് അനുഭവപ്പെടുന്ന അതിശക്തമായ ചൂടിന് പിന്നാലെ രാത്രിയിലും വീടുകൾക്കുള്ളിൽ അസഹനീയമായ ഉഷ്ണമാണ്. കാറ്റോ തണുപ്പോയില്ലാത്തതിനാൽ പുകയുന്ന ഉഷ്ണം. പകൽ മുഴുവൻ പൊരിവെയിലത്ത് യാത്ര ചെയ്തും ജോലി ചെയ്തും കഷ്ടപ്പടുന്നവർ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴാണ് വൈദ്യുതിതടസം പൊല്ലാപ്പാകുന്നത്. അർദ്ധരാത്രിയിലും പുലർച്ചെയുമൊക്കെ വൈദ്യുതി മുടങ്ങുന്നത് ഉറക്കം പൂർണമായും തടസപ്പെടുത്തുന്നു. ഫാനും മറ്റ് ശീതീകരണ സംവിധാനങ്ങളും പ്രവർത്തനരഹിതമാകുന്നതോടെ പലരും രാത്രിയിൽ വീടിന് പുറത്തിറങ്ങി കിടന്നുംഇരുന്നും നേരംവെളുപ്പിക്കുകയാണ്.

കൊതുക് വെറുതെവിടില്ല

ചൂട് കുറയ്ക്കുന്നതിനായി ജനലുകളും വാതിലുകളും തുറന്നിടാൻ പലരും ശ്രമിക്കുമ്പോൾ മൂളിപ്പറന്നെത്തുന്ന കൊതുകാണ് മറ്റൊരു തലവേദന. ഇത് രോഗസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.

വലഞ്ഞ് കുട്ടികളും വൃദ്ധരും

രാത്രിയിൽ ഉറക്കത്തിനിടെ പെട്ടെന്ന് വൈദ്യുതി നിലയ്ക്കുന്നതോടെ കുട്ടികളുള്ള വീടുകളിൽ കരച്ചിലാണ്. മുതിർന്നവർക്ക് തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നത് ജോലിയെ ഉൾപ്പെടെ ബാധിക്കും. എപ്പോൾ വൈദ്യുതി മുടങ്ങുമെന്നോ എപ്പോൾ പുനഃസ്ഥാപിക്കുമെന്നോ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കെ.എസ്.ഇ.ബിയിലേയ്ക്ക് വിളിച്ചാൽ ഫോണെടുക്കാത്ത സംഭവങ്ങളുമേറെ.

ഇന്ന് കൂടി തുടരും

കടുത്ത ചൂട് ഇന്ന് കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. ഉറക്കക്കുറവും അമിതമായ ചൂടും തുടർന്നാൽ ക്ഷീണം, തലവേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ട്.


കുറഞ്ഞത് രാത്രിയിലെങ്കിലും തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കണം

ജയേഷ് മോഹൻ, വിവരാവകാശ പ്രവർത്തകൻ

ഇന്നലെ രേഖപ്പടുത്തിയ ചൂട്: 34.5 ഡിഗ്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HOT CLIMATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL