പാലാ: നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ നഗരവികസന മുന്നണിയിൽ ഉൾപ്പെടുന്ന വിമത കോൺഗ്രസ് കൗൺസിലർമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള പേര് നൽകുന്നത് നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ കർശന നിലപാടുമായി ഇടതു കൗൺസിലർമാർ രംഗത്ത്. ഇന്ന് വൈകുംമുമ്പ് വിമത കോൺഗ്രസ് കൗൺസിലർമാർ കൃത്യമായ തീരുമാനം അറിയിക്കണമെന്നാണ് അന്ത്യശാസനം. വിമത കോൺഗ്രസ് കൗൺസിലർമാരായ ബിജു മാത്യുസും ടോണി തൈപ്പറമ്പിലും വൈസ് ചെയർമാൻ സ്ഥാനം തങ്ങൾക്ക് വേണമെന്ന നിലപാടിൽ നിന്ന് ഇതുവരെ പിന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
ഇന്നും ധാരണയിലെത്തിയില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം ഇടതുമുന്നണി ഏറ്റെടുത്തേക്കും.
തർക്കം അവസാനിപ്പിക്കാൻ സമ്മർദ്ദം
ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട നഗരവികസന മുന്നണിക്കുള്ളിൽ വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള വടംവലി ഇതുവരെ അവസാനിച്ചിട്ടില്ല. പലവട്ടം നാല് വിമത കോൺഗ്രസ് കൗൺസിലർമാർ ചേർന്ന് ചർച്ച നടത്തിയെങ്കിലും ബിജുവും ടോണിയും ഒരിഞ്ചുപോലും വിട്ടുകൊടുക്കാൻ തയാറായിട്ടില്ല.
പാർട്ടി ചർച്ചകൾക്കും സമയം വേണം
വിമത കോൺഗ്രസ് കൗൺസിലർമാർ സ്ഥാനാർത്ഥിയുടെ പേര് അറിയിച്ചാലും അത് ഇടതുമുന്നണിയിലെയും ഘടകകക്ഷികളിലെയും ഔദ്യോഗിക ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് നഗരവികസന മുന്നണിയെ നയിക്കുന്ന കേരള കോൺഗ്രസ് (എം) കൗൺസിലർമാരുടെ നിലപാട്.
ഇന്ന് നിർണായകം
16ന് നടക്കുന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നത്തെ ചർച്ചകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്. വിമത കോൺഗ്രസുകാർ ഏകാഭിപ്രായത്തിലെത്തുമോ അതോ ഇടതുമുന്നണി സ്വന്തം സ്ഥാനാർത്ഥിയെ രംഗത്തിറക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |