SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

സിനിമാ തീയറ്ററുകളിൽ കൊള്ളവില ഇവിടെ ചോദിക്കാൻ ഒരുത്തനുമില്ല?​

സിനിമാശാലകളിൽ ആഹാര സാധനങ്ങൾക്ക് അമിത വില ഈടാക്കി കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ ഒരുത്തനുമില്ലേ എന്നാണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്. വീട്ടിൽ നിന്ന് കരിങ്ങാലി വെള്ളംപോലും തീയറ്ററിനുള്ളിൽ കൊണ്ടുവരാൻ അനുവദിക്കില്ല. കുടിവെള്ളം കൊള്ളവില നൽകി വാങ്ങണം. ഫുഡ് പാക്കറ്റിൽ എം.ആർ.പിയിൽ കൂടുതൽ വാങ്ങരുതെന്നാണ് നിയമമെങ്കിലും തീയറ്ററുകൾക്ക് ഇതൊന്നും ബാധകമല്ലത്രേ. സീറ്റുകളുടെ എണ്ണം കുറച്ച് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയ മൾട്ടി പ്ലക്സുകളിലാണ് ആഹാരസാധനങ്ങൾക്ക് കൊള്ളവില. തൂക്കത്തിലും തട്ടിപ്പെന്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.

വില കുറഞ്ഞ ചോളമലർ വറുത്തതാണ് പോപ്പ്കോൺ. തമിഴ്നാട്,​ കർണാടക,​ ആഡ്ര സംസ്ഥാനങ്ങളിലെ മൾട്ടിപ്ലക്സുകളിൽ തൂക്കമനുസരിച്ച് 149 രൂപയും 179 രൂപയും ഈടാക്കുമ്പോൾ കേരളത്തിൽ 295 മുതൽ 600 രൂപവരെയാണ് ഈടാക്കുന്നത്. 70 ഗ്രാം അളവ് രേഖപ്പെടുത്തിയത് 51 ഗ്രാമും 55 ഗ്രാം ചെറിയ പോപ്പ്കോൺ കപ്പിൽ 41 ഗ്രാമുമാണ് പരിശോധനയിൽ കണ്ടെത്തിയത്.

പുറത്ത് പത്തു രൂപയുള്ള അരലിറ്റർ വെള്ളത്തിന് 70 രൂപയും ഒരു ലിറ്ററിന് 90 രൂപയുമാണ് പല മൾട്ടിപ്ലക്സുകളിലെയും നിരക്ക്. 180 ഗ്രാം കാപ്പിയിൽ 105 ഗ്രാം മാത്രമാണുണ്ടായിരുന്നത്. 450 മില്ലിലിറ്റർ ശീതളപാനീയത്തിലും പത്ത് ശതമാനം കുറവായിരുന്നു.

പല തീയറ്ററുകളിലെയും കഫറ്റേറിയയുടെ ഭക്ഷ്യസുരക്ഷാ ലൈസൻസ് വർഷങ്ങളായി പുതുക്കിയിട്ടില്ല. ഫ്രീസറിൽ പഴകിയ പാലിനൊപ്പം മുടിയും പ്രാണിയും വീണ ഐസ്ക്രീമും കണ്ടെത്തി. ത്രാസുകൾ മുദ്രവെച്ച് സാക്ഷ്യപ്പെടുത്തി ഉപയോഗിക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ആദ്യ പരിശോധനയിൽ ലീഗൽ മെട്രോളജി വകുപ്പ് പിഴയായി 62000 രൂപ ഈടാക്കി. അതേസമയം നിയമം തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് പല തീയറ്റർ ഉടമകളും.

തിരുവനന്തപുരം മേയർ തീയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിൽ കുട്ടികൾക്കുള്ള ഭക്ഷണം തീയറ്ററിനുള്ളിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സൗജന്യമായി കുടിവെള്ളം നൽകാൻ കൂളറോ ജാറുകളിൽ വെള്ളമോ വെക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബസമേതം ഓസ് പാസുള്ളതിനാലാകാം നഗരം ഭരിക്കുന്ന മറ്റാരും മിണ്ടിയിട്ടില്ല. തീയറ്ററുകളിലെ ഉയർന്ന ഭക്ഷണ വിലയിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെ കുറുപ്പിന്റെ ഉറപ്പുപോലാകാതിരിക്കട്ടെ എന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CINEMA TICKET FOOD PRICES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL