SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.55 AM IST

രാസവള വില കുതിക്കുന്നു, കർഷകർ കിതയ്ക്കുന്നു

c

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതും കേന്ദ്രസർക്കാർ കമ്പനികൾക്ക് നൽകിയിരുന്ന സബ്സിഡി കുറച്ചതും കാരണം രാസവള വില കുതിച്ചുയരുന്നു. 60- 70 ശതമാനത്തോളം വരെ വില വർദ്ധിച്ചതോടെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലായി.

കൃഷിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന പൊട്ടാഷ്, ഫാക്ടം ഫോസ്, തുരിശ് എന്നിവയുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. ആറു മാസംമുമ്പ് 1,425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടം ഫോസിന് 2,350 രൂപയായി. 1,500 രൂപയായിരുന്ന പൊട്ടാഷിന്റെ വില 2,300 രൂപയും തുരിശിന്റെ വില 210ൽ നിന്ന് 540 രൂപയായും വർദ്ധിച്ചു.

നിലവിൽ സബ്സിഡി തുടരുന്നതിനാൽ യൂറിയയുടെ വിലയിൽ മാറ്റമില്ലെങ്കിലും യൂറിയ ക്ഷാമം കർഷകരെ വലയ്ക്കുന്നു.

ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ വളം നിർമ്മാണത്തിനുള്ള രാസവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് വില വർദ്ധിച്ചുതുടങ്ങിയത്. മിക്ക വളങ്ങൾക്കൊപ്പവും പൊട്ടാഷ് ചേർത്താണ് ഉപയോഗിക്കേണ്ടത്. പൊട്ടാഷിന്റെ വിലയിലുണ്ടായ വർദ്ധനവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. തെങ്ങ്, കുരുമുളക്, റബ്ബർ എന്നിവയുടെ കുമിൾ രോഗത്തിനുള്ള പ്രതിവിധിയായായ് ഉപയോഗിക്കുന്ന തുരിശിലെ പ്രധാന ഘടകമായ ചെമ്പിന് ഡിമാന്റ് വർദ്ധിച്ചതാണ് തുരിശ് വിലക്കയറ്റത്തിന് കാരണം.

രാസവളത്തിനു പകരം ജൈവവളങ്ങൾ ഉപയോഗിക്കണമെന്നു പറയുമ്പോഴും 10 കിലോ രാസവളത്തിന് പകരം ആറിരട്ടിയിലധികം ജൈവവളം ഉപയോഗിക്കണം .ഇത്ചെലവും അധ്വാനവും വർദ്ധിപ്പിക്കുന്നു. വിളവും കുറവാണ്. രാസവള വില വർദ്ധനക്കെതിരെ വിവിധ കർഷക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.

രാസവള വിലവർദ്ധന ഇങ്ങനെ

പൊട്ടാഷ്-1,500 - 2,300

ഫാക്ടം ഫോസ്-1,425-2,350

തുരിശ്-210-540

എൻ.പി.കെ 16:16:16 1,650 - 2,050

കൂട്ടുവളമായ എൻ.പി.കെ 18:18:18 1300 - 1390.

വില ഇനിയും ഉയരും

വളം ആവശ്യത്തിന് ലഭ്യമല്ലാതെ വന്നതോടെ വില ഇനിയും കൂടും. കീടനാശിനികൾക്കും വില വർദ്ധിച്ചിട്ടുണ്ട്.

യൂറിയ.ഡി.എ.പി അടക്കമുള്ള വളങ്ങൾക്ക് കമ്പനികൾ നേരത്തേ കടത്തു കൂലി നൽകിയിരുന്നു. അതും നിറുത്തലാക്കി.

രാസവളത്തിനും കീടനാശിനിക്കും വില ഉയർന്നതോടെ ഒരേക്കർ നിലം കൃഷിചെയ്യാൻ 45,000 രൂപയിലേറെ അധിക ചെലവുവരും.

രാസവളങ്ങളുടെ സബ്സിഡിയും കടത്തുകൂലിയും നിലനിറുത്തി വില പിടിച്ചുനിറുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണം.

കർഷക കോൺഗ്രസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL