
പാലാ: നഗരസഭ മൂന്നാം വാർഡിൽ മാർക്കറ്റിംഗ് സൊസൈറ്റി ബിൽഡിങ്ങിന് സമീപം പതിറ്റാണ്ടുകളായി പാടമായി കിടന്ന സ്ഥലം കരിങ്കല്ലും മണ്ണും മാലിന്യങ്ങളുമൊക്കെ ഇറക്കി ഘട്ടംഘട്ടമായി നികത്തുന്നതായി ആക്ഷേപം.
നഗരസഭ അധികാരികളുടെയും റവന്യൂ അധികാരികളുടെയും ഓഫീസിന് സമീപം പാടം നികത്തൽ. സംഭവത്തിൽ പ്രദേശവാസികൾ ഉൾപ്പെടെ ആരോപവുമായി രംഗത്തെത്തി. അനുമതിയില്ലാതെയാണ് പാടം നികത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ നാലടിയോളം ഉയരത്തിൽ പാടത്ത് മണ്ണടിച്ചിട്ടുണ്ട്. ചുറ്റും കെട്ടാൻ ഇന്നലെ കരിങ്കല്ലുമിറക്കി. കഴിഞ്ഞ മഴക്കാലത്ത് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വീടുകളിലേക്കും റോഡിലേക്കും വെള്ളം കയറി. വീണ്ടും പാടം നികത്തിയാൽ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പരാതി ഉന്നയിച്ച് കൗൺസിലർ
യാതൊരു അനുമതിയും ഇല്ലാതെയാണ് പാടം നികത്തുന്നതെന്ന് മൂന്നാം വാർഡ് കൗൺസിലർ ജോസിൻ ബിനോ ആക്ഷേപം ഉന്നയിച്ചിരുന്നു.
പ്രദേശത്ത് കരിങ്കല്ല് ഇറക്കി അതിന് മുകളിലൂടെ മണ്ണിട്ട് പാടത്തിന്റെ സ്വഭാവം മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
അധികാരികൾ മൗനത്തിൽ
പാടം നികത്തൽ സംബന്ധിച്ച പരാതികൾ പരിശോധിക്കാനും നിയമലംഘനം കണ്ടെത്തിയാൽ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് റിപ്പോർട്ട് നൽകാനും പൊതുജനങ്ങളുടെ പരാതികളിൽ ഇടപെടാനുമുള്ള അധികാരം എൽ.എൽ.എം.സിയ്ക്കാണ്. ഈ കമ്മിറ്റിയുടെ കൺവീനർ കൃഷി ഓഫീസറാണ്. നഗരസഭ ചെയർപേഴ്സൺ, വില്ലേജ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളുമാണ്. എന്നാൽ വിവരം പുറത്തായിട്ടും ഇവർ മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |