കോട്ടയം : ''ഏഴുമാസമായി പാചകവാതക കണക്ഷന് അപേക്ഷിക്കാൻ നോക്കുന്നു. പക്ഷേ അപേക്ഷ സ്വീകരിക്കുന്നില്ല. 3000 രൂപയിലധികം കൊടുത്ത് വാണിജ്യ സിലിണ്ടർ വാങ്ങുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്ന് അവസാനിക്കും''. കണ്ണൂരിൽ നിന്ന് കോട്ടയത്തെത്തിയ ഒരു കുടുംബത്തിന്റേതാണ് ഈ വാക്കുകൾ. യുദ്ധത്തെത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ അയവുവന്നിട്ടും ചില ഏജൻസികൾ പുതിയ കണക്ഷൻ നൽകുന്നില്ല. ഇതുസംബന്ധിച്ച് വ്യക്തതവരുത്താൻ വിതരണക്കമ്പനി അധികൃതരും തയ്യാറാകുന്നില്ല.
പുതിയ വീടുവെച്ചവരും ജോലിക്കും മറ്റുമായെത്തി താമസിക്കുന്നവരുമാണ് ഇതോടെ ബുദ്ധിമുട്ടിലായത്. ഒരു സിലിണ്ടർ മാത്രമുള്ളവർക്ക് അധികതുക അടച്ചാൽ നേരത്തേ മറ്റൊന്നുകൂടി നൽകുമായിരുന്നു. അതും ഇപ്പോഴില്ല.
ജില്ലയിലേക്ക് സ്ഥലം മാറിയെത്തിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പഠനാവശ്യങ്ങൾക്കായി താമസം മാറിയെത്തിയ വിദ്യാർത്ഥികൾ എന്നിവരാണ് കൂടുതൽ ദുരിതം നേരിടുന്നത്.
സിലിണ്ടർ ബുക്കിംഗിന് ഇളവ്
നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു എൽ.പി.ജി ബുക്കിംഗ് ഇടവേള.
പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ സിലിണ്ടർ ബുക്കിംഗ് നിയന്ത്രണത്തിൽ നിലവിൽ ഇളവുണ്ട്.
റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള കാലയളവ് ഗ്രാമ - നഗര വ്യത്യാസമില്ലാതെ 25 ദിവസമാക്കി.
പുതിയ കണക്ഷനുകൾ നൽകുന്നതിനുള്ള വൺവേ സിലിണ്ടറുകൾ കമ്പനികൾ ഏജൻസികൾക്ക് അനുവദിക്കാത്തതാണ് പ്രതിസന്ധി. കേന്ദ്ര സർക്കാർ ഇടപെട്ടാൽ മാത്രമേ കമ്പനികൾ ഏജൻസികൾക്ക് ആവശ്യമായ സിലിണ്ടറുകൾ അനുവദിക്കൂ. -
ജില്ലാ സപ്ലൈ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |