
കോട്ടയം : മടിച്ച് നിന്നിട്ടും കാര്യമില്ലല്ലോ, എങ്ങനെയെങ്കിലും കയറിപ്പറ്റും. തിരക്കിനിടയിൽ ശ്വാസമെടുക്കാൻ പോലും കഴിയില്ല. ഭാഗ്യത്തിന്റെ അകമ്പടിയാലാണ് യാത്ര പൂർത്തിയാക്കുന്നത്! എറണാകുളത്ത് നിന്ന് കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രികരുടെ നിസഹായാവസ്ഥ ഈ വാക്കുകളിൽ വ്യക്തമാണ്. യാത്ര പൂർണമാകുമ്പോൾ നാളെയും ഈ അനുഭവം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്. പടിവാതിലിൽ തൂങ്ങിക്കിടന്നാണ് പലരും യാത്ര ചെയ്യുന്നത്. വൈകുന്നേരമായാൽ സ്ഥിതി ഗുരുതരം. സ്ത്രീകളും വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദുരിതം നേരിടുന്നത്. ജില്ലയിൽ നിന്നുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമാണ് വൈകിട്ടത്തെ വേണാട്. ഉച്ചയ്ക്ക് പരശുറാം എക്‌സ്പ്രസ് കടന്നുപോയ ശേഷം ഏകദേശം മൂന്ന് മണിക്കൂർ ഇടവേളയിലാണ് വേണാട് തൃപ്പൂണിത്തുറയിലെത്തുന്നത്. ഇതിനകം സ്റ്റേഷനുകളിൽ വലിയ തിരക്ക് രൂപപ്പെടും. ട്രെയിൻ എത്തിയാൽ ഇരുവശത്തു നിന്ന് യാത്രക്കാർ ഇടിച്ചുകയറുന്നതോടെ വാതിൽപ്പടി വരെ നിറയും. ഒരുവിധം കയറിയവർക്ക് പോലും തിങ്ങിനിറഞ്ഞ കോച്ചിൽ നിന്ന് ഇറങ്ങേണ്ട സ്റ്റേഷനിൽ വാതിലിനടുത്തെത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു.
കൊല്ലത്തേക്ക് ഒരു സർവീസ് വേണം
കോട്ടയത്ത് നിന്ന് ഐ.ടി ഹബ്ബായ എറണാകുളത്തേക്ക് പഠിക്കുന്നതിനും ജോലിയ്ക്കും, വിവിധ ആവശ്യങ്ങൾക്കുമായി നിരവധിപ്പേരാണ് പ്രതിദിനം യാത്രചെയ്യുന്നത്. വൈകിട്ട് വേണാടിന് മുമ്പായി എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് ഒരു സർവീസ് കൂടി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. തിരക്ക് നിയന്ത്രിക്കാൻ വൈകുന്നേരങ്ങളിൽ റെയിൽവേ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും യാത്രാദുരിതത്തിന് കുറവില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ പറഞ്ഞു. നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും പരിഹാരമുണ്ടായില്ല. കായംകുളം മുതൽ എറണാകുളം വരെയുള്ള വിവിധ സ്റ്റേഷനുകളിൽ യാത്രക്കാർ സംഘടിച്ച് സ്റ്റേഷൻ മാസ്റ്റർമാർക്ക് നിവേദനവും നൽകി.
ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം : 3000
''ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ തുടർസമരങ്ങളുമായി മുന്നോട്ടുപോകും. അപകടം സംഭവിക്കുന്നതിന് മുമ്പ് നടപടി വേണം.
(അജാസ് വടക്കേടം, ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്‌സിക്യൂൃുട്ടീവ് അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |