
കോട്ടയം : തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടും തിരുത്തലിന് തുടക്കമിട്ടും വിപിലീകൃത ജില്ലാ കമ്മിറ്റിയിലൂടെ സി.പി.എം സംഘടനാ സംവിധാനം ഉറച്ചതാക്കുമ്പോൾ കോൺഗ്രസിൽ തമ്മിലടിയടങ്ങുന്നില്ല. ഡി.സി.സി പുനസംഘടന വൈകുന്നതിന് പിന്നാലെ പാലാ നഗരസഭ കൈവിട്ടതും തദ്ദേശ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകളിലെ പരാജയവും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോര് ശക്തമായതോടെ അണികളും അമർഷത്തിലാണ്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ നിലനിറുത്താൻ കഴിയാത്തത് ചങ്ങനാശേരിയിലെ സംഘടനാപ്രശ്നം മൂലമാണെന്ന ആക്ഷേപം ശക്തമാണ്. നാണംകെട്ട തോൽവിക്ക് കാരണം കോൺഗ്രസ്-കേരളാ കോൺഗ്രസ് ഐക്യമില്ലായ്മമെന്നാണ് വിലയിരുത്തൽ. പരാജയസാദ്ധ്യത പ്രാദേശിക നേതൃത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും നേതാക്കൾ ഗൗനിച്ചില്ല. ഇതിന് സമാനമാണ് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിലെ തോൽവിയും. നിയമസഭ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് റെക്കാഡ് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്താണ് പാമ്പാടി. കോൺഗ്രസിന് സംഘടനാ ശക്തിയുള്ള ഇവിടുത്തെ നേതാക്കളുടെ അനൈക്യത്തിലേക്ക് വിരൽചൂണ്ടുകയാണ്. പാലാ നഗരസഭയിൽ വിപ്പ് ലംഘനത്തിലൂടെ ഭരണം നഷ്ടമായതും തിരിച്ചടിയായി.
ഗ്രൂപ്പ് പോര് ശക്തം
കെ.സി വേണുഗോപാൽ, വി.ഡി സതീശൻ ഗ്രൂപ്പുകൾ തമ്മിലുള്ള പോരിന് ജില്ലയിലും കുറവില്ല. ഡി.സി.സി പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ച് ഒരു ഡസനിലേറെ നേതാക്കൾ ഗ്രൂപ്പുകളി ഊർജ്ജിതമാക്കിയിട്ടുണ്ട്. വി.ഡി സതീശനുമായി ഏറെ അടുപ്പമുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഫിൽസൺ മാത്യൂസ് ഡി.സി.സി പ്രസിഡന്റാകാൻ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഫിൽസണെ വെട്ടാൻ നിശബ്ദമായി ആയുധം ശേഖരിക്കുകയാണ് മറ്റുനേതാക്കൾ. അഡ്വ.സിബി ചേനപ്പാടി, യൂജിൻ തോമസ്, അഡ്വ.ബി.ഗോപകുമാർ, ഫിലിപ്പ് തോമസ് തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്. അവസാന നിമിഷം വരെ സമ്മർദ്ദതന്ത്രം പയറ്റി ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നേടാനും ചിലർ കരുക്കൾ നീക്കുന്നുണ്ട്.
ഡി.സി.സി പുന:സംഘടനയ്ക്ക് കാത്ത്
ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ ആയതോടെ പ്രവർത്തനം മുഴുവൻ ഏറ്റുമാനൂർ മണ്ഡലത്തിലേയ്ക്ക് ചുരുങ്ങി. ജനപ്രതിനിധിയെന്ന നിലയിലുള്ള തിരക്ക് ജില്ല മുഴുവൻ ഓടിനടന്നുള്ള സംഘടനാ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ഡി.സി.സി പുന:സംഘടന വൈകുന്നത് ജില്ലയിൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയാണ് അണികൾക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |