
പാലാ : ഇന്നലെ മിഴികളിൽ നിന്ന് പെയ്തിറങ്ങിയ ഓരോ തുള്ളിക്കും തീരാവേദനയുടെ നനവുണ്ടായിരുന്നു. പ്രിയപ്പെട്ട ബ്രഹ്മൻ ഒന്നുണർന്നിരുന്നെങ്കിൽ എന്ന ആശിച്ചുപോയ നിമിഷം. പ്രിയപ്പെട്ടവരുടെ നിലവിളികളൊന്നും കേൾക്കാതെ താൻ ശിരസിലേറ്റിയ ദേവീദേവൻമാരുടെ അരികിലേക്ക് ബ്രഹ്മദത്തൻ യാത്രയായപ്പോൾ ഉത്സവകേരളം ഒന്നാകെ കണ്ണീർപൊഴിച്ചു. ചമയങ്ങളും എണ്ണിയാൽ തീരാത്ത പട്ടങ്ങളും അഴിച്ചുവച്ച ബ്രഹ്മദത്തന് ഇനി പല്ലാട്ട് തറവാട്ടിൽ അന്ത്യനിദ്ര.
വീട്ടിലെ ഒരംഗത്തെപ്പോലെ സ്‌നേഹിച്ച ഗജവീരന്റെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ പല്ലാട്ട് കുടുംബത്തിനും പാപ്പാൻ ശരത്തിനും കണ്ണീരടക്കാനായില്ല. ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങളെല്ലാം ബ്രഹ്മദത്തനും നൽകി. പല്ലാട്ട് കുടുംബത്തിലെ മൂത്തയാൾ സുരേഷ് കുമാറും മകൻ അനന്തകൃഷ്ണനും ചേർന്ന് ബലിയിട്ടു. തുടർന്ന് ഇരുവരും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. ഒരു ഗജവീരന് ലഭിച്ച അത്യപൂർവമായ അന്ത്യയാത്രയ്ക്കാണ് മേലമ്പാറ പല്ലാട്ട് വീട് സാക്ഷിയായത്. സംസ്‌കാര ചടങ്ങുകൾക്ക് കർമ്മി വിശ്വനാഥൻ മടക്കത്താനം മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.ബിജു ഗോപിനാഥനും, ഡോ.ശശീന്ദ്രദേവും പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകി.
''ഇതിലും ഭേദം ഞങ്ങളിൽ ഒരാളെ കൊണ്ടുപോയിരുന്നെങ്കിൽ''
''ഇതിലും ഭേദം ഞങ്ങളിൽ ഒരാളെ കൊണ്ടുപോയിരുന്നെങ്കിൽ...''. പല്ലാട്ട് ബ്രഹ്മദത്തന്റെ ചേതനയറ്റ ശരീരത്തെ കെട്ടിപ്പിടിച്ച് പല്ലാട്ട് സഹോദരന്മാരിലെ മൂത്തയാൾ സുരേഷ് കുമാർ വാവിട്ടുകരഞ്ഞു. ഒരിക്കൽ അവനെ കാണാൻ ഉത്സവപ്പറമ്പുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയതുപോലെ ഇത്തവണ അവനെ അവസാനമായി കാണാനായിരുന്നു ഈ ജനപ്രവാഹം. സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കി ബ്രഹ്മദത്തൻ മണ്ണിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ ആകാശവും ആർത്തലച്ചു. പ്രകൃതിയും പൊട്ടിക്കരഞ്ഞതുപോലെ. തോരാമഴയായി ആകാശകണ്ണീർ പെയ്തിറങ്ങി. ചിതയുടെ ചൂട് കെട്ടടങ്ങും മുമ്പേ മഴ ശക്തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |