കോട്ടയം : ഹെർണിയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടമ്മ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. ചങ്ങനാശേരി പുത്തൂർപ്പള്ളി പുതുപറമ്പിൽ ഹസീന (49) ആണ് കഴിഞ്ഞ രണ്ടിന് പുലർച്ചെ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില വഷളായിരുന്നിട്ടും പാരസെറ്റാമോൾ നൽകി വീട്ടിലേക്ക് അയച്ചെന്നും, രോഗം മൂർച്ഛിച്ച് വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും പരാതിയിലുണ്ട്. വകുപ്പുതല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ ആവശ്യം. ഇന്നലെ രാവിലെ 10ന് ആരംഭിച്ച ഉപരോധം രണ്ടര മണിക്കൂറോളം നീണ്ടു. ജില്ലാ സെക്രട്ടറി ടി.എസ് ശരത്, പ്രസിഡന്റ് അർച്ചന സദാശിവൻ, ജോയിന്റ് സെക്രട്ടറിമാരായ റിജേഷ് കെ.ബാബു, എൻ.ആർ വിഷ്ണു, വൈസ് പ്രസിഡന്റുമാരായ ബി.ഗൗതം, എം.എസ് ദീപക്, ജില്ലാ സെക്രട്ടേറിയറ്റംഗം ആനന്ദ് ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അന്വേഷണത്തിന് പ്രത്യേക സംഘം
മെഡിക്കൽ കോളേജിന് പുറത്ത് നിന്നുള്ള ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ നിയോഗിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പൂന്നൂസ് ഉറപ്പ് നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ടിജി തോമസ് വർഗീസിന്റെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി സംസാരിച്ച ശേഷമാണ് ഉറപ്പ് നൽകിയത്.
''അന്വേഷണത്തിൽ വീഴ്ച വരുത്തുകയോ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുയോ ചെയ്താൽ ശക്തമായ സമരവുമായി വീണ്ടും രംഗത്തെത്തും.
ഡി.വൈ.എഫ്.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |