SignIn
Kerala Kaumudi Online
Monday, 14 September 2026 6.02 PM IST

വാക്സിനെടുത്തോ? ചോദ്യവുമായി 'ആശ' വരും

asha-

കോട്ടയം: ജില്ലയിൽ കൊവിഡ് വാക്സിനെടുക്കാനുള്ളവരുടെ പൂർണ പട്ടിക ശേഖരിക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് വിവരങ്ങൾ ശേഖരിക്കുക. ഇതിന്റെ ഭാഗമായുള്ള പരിശീലനം ആരംഭിച്ചു.

2011ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യകണക്കുകൾ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളത്.അതിനാൽ എത്ര പേർ വാക്സിനെടുക്കാനുണ്ടെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ചോദ്യങ്ങളുമായി ആശ പ്രവർത്തകർ വീടുകളിലെത്തുക. ഈ മാസം തന്നെ സർവേ പൂർത്തിയാക്കാനാണ് നിർദേശം. വിവിധ കാരണങ്ങൾ മൂലം ആദ്യ ഡോസ് വാക്സിൻ എടുക്കാത്തവർ ഇനിയുമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നത്. വാക്സിൻ എടുത്തില്ലെന്ന് കണ്ടെത്തുന്ന ആളുകൾക്ക് പ്രത്യേകം കൗൺസലിംഗും നടത്തും. കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി 18 വയസിനും 12 വയസിനും 5 വയസിനും താഴെയുള്ള എത്രപേരുണ്ടെന്ന വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.

 വേണ്ട അമിത ആത്മവിശ്വാസം
കണക്കുകളിൽ കൊവിഡ് കുറഞ്ഞതിനാൽ രണ്ടാം ഡോസ് എടുക്കുന്നവരുടെ എണ്ണവും കുറഞ്ഞെന്ന സൂചനയാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ഇവർക്ക് പ്രത്യേക കൗൺസലിംഗ് നൽകി രണ്ടാം ഡോസ് എടുപ്പിക്കുകയാണ്. ടെസ്റ്റ് ചെയ്യാതിരിക്കുകയും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരും രണ്ടാം ഡോസിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. രോഗികളുടെ എണ്ണം കുറയുകയും വാക്‌സിൻ യഥേഷ്ടം ലഭ്യമാവുന്ന സ്ഥിതിയുമായതോടെ വാക്‌സിന് വേണ്ടിയുള്ള തള്ളിക്കയറ്റം ഇപ്പോഴില്ല. കൊവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 16 ആഴ്ചയ്ക്ക് ശേഷവും കൊവാക്സിൻ ആറ് ആഴ്ചയ്ക്ക് ശേഷവുമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.

ഇതാണ് 3 ചോദ്യങ്ങൾ

1)​ ആദ്യ ഡോസ് എടുക്കാത്തവർ എത്ര പേർ

2)​ ഇനിയും രണ്ടാം ഡോസ് എടുക്കാത്തവർ

3)​ വാക്സിനെടുക്കാത്ത എത്ര ഗർഭിണികൾ

'' 2001നേക്കാൾ 2011ൽ 22,000 പേരുടെ വർദ്ധനവാണ് ഉണ്ടായതെന്നാണ് കണക്കുകൾ. സർവേയിലൂടെ പൂർണമായ കണക്ക് ലഭിക്കും. സർവേയുടെ ഭാഗമായി വീട്ടുകാരെ സമീപിച്ച് മൊബൈൽ നമ്പരും വാങ്ങും. നേരിട്ട് കൗൺസലിംഗ് നൽകുന്നതിലൂടെ വാക്സിൻ എടുത്തവരുടെ എണ്ണം ഉയർത്താമെന്നാണ് കരുതുന്നത്''

- ആരോഗ്യ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ASHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL