SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

സ്വരാത്മികയ്ക്ക് വീട്ടിലേക്ക് വഴി വേണം; ശരിയാക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

1
ഭിന്നശേഷിക്കാരിയായ സ്വരാത്മികയ്ക്ക് സമീപമെത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ് സാന്ത്വനിപ്പിക്കുന്നു.

വടകര: സ്വരാത്മികയ്ക്ക് (14) ഇനി നല്ല വഴിയിലൂടെ തെറാപ്പിക്കു പോകാം. അമ്മ സീമയുടെ കണ്ണീരൊപ്പി മന്ത്രിയുടെ ഉറപ്പ്. ഭിന്നശേഷിക്കാരിയായ മകൾ സ്വരാത്മികയെ ദിവസവും നാദാപുരത്തെ പാലിയേറ്റീവ് തെറാപ്പി കേന്ദ്രത്തിൽ കൊണ്ടു പോവുക സീമയെ സംബന്ധിച്ച് ഭാരിച്ച ജോലിയാണ്. വീട്ടിലേക്ക് നല്ലൊരു വഴിയില്ലാത്തതിനാൽ മകളെ ആദ്യം എടുത്ത് മതിലിന്മേൽ ഇരുത്തണം, വീണ്ടും എടുത്തു വേണം പുറത്തേക്കോ വീട്ടിലേക്ക് തിരിച്ചോ യാത്ര ചെയ്യാൻ. മകളെയും കൊണ്ടുള്ള യാത്ര വലിയ പരീക്ഷണമായപ്പോൾ നല്ലൊരു വഴിക്കായി മുട്ടാത്ത വാതിലുകളില്ല. അങ്ങനെയാണ് ഇന്നലെ വടകരയിൽ നടന്ന അദാലത്തിൽ അമ്മയും മകളുമെത്തുന്നത്. വാഹനം പോകുന്ന കുറച്ചുക്കൂടി വീതിയുള്ള വഴി ലഭ്യമായാലേ പുറമേരി എസ് .വി .എൽ.പി സ്കൂളിന് സമീപം 'ശ്രീലക്ഷ്മി'യിൽ താമസിക്കുന്ന സീമയുടെ മകൾ സ്വരാത്മികയ്ക്ക് ചികിത്സ ഉറപ്പിക്കാനാവൂ. വർഷങ്ങളായി ഇക്കാര്യം പറഞ്ഞു താൻ പലരെയും സമീച്ചെങ്കിലും സാങ്കേതിക കാരണം പറഞ്ഞു അനന്തമായി നീട്ടുകയാണെന്ന് അദാലത്തിൽ സീമ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിനോട് പറഞ്ഞു. വിഷയത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നേരിൽ വിവരം ആരാഞ്ഞ മന്ത്രിയും ജില്ലാ കളക്ടറും വഴിയുടെ കാര്യത്തിൽ പുന:പരിശോധന നടത്താൻ ആവശ്യപ്പെട്ടു. സ്വരാത്മികയുടെ പ്രശ്നം ന്യായമാണെന്നും ഗ്രാമപഞ്ചായത്ത് തലത്തിൽ മദ്ധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസറും അഭിപ്രായപ്പെട്ടു. വഴി ലഭ്യമാകുന്ന പ്രതീക്ഷയോടെയാണ് അമ്മയും മകളും വടകരയിൽ നടന്ന താലൂക്ക്തല അദാലത്തിൽ നിന്ന് മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL