കോഴിക്കോട്: യുനെസ്കോയുടെ 'സാഹിത്യ നഗരം' എന്ന ഖ്യാതിക്ക് പിന്നാലെ കോഴിക്കോട് പബ്ലിക് ലൈബ്രറിയിൽ വായനക്കാരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമെന്ന പദവി കൈവന്നതോടെ കോഴിക്കോട് നഗരത്തിലെ അക്ഷരപ്രേമികൾക്കിടയിൽ പുതിയൊരു സാംസ്കാരിക ഉണർവാണ് ദൃശ്യമാകുന്നത്.
ലൈബ്രറിയിലെ പുതിയ അംഗങ്ങളുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് ഈ മാറ്റത്തിന് അടിവരയിടുന്നു. 2024–25 കാലയളവിൽ 1,626 ആയിരുന്ന മെമ്പർമാരുടെ എണ്ണം, തൊട്ടടുത്ത വർഷം 3,468 ആയി കുതിച്ചുയർന്നു. ദിവസേന എണ്ണൂറിലധികം പേരാണ് ഇപ്പോൾ പുസ്തകങ്ങൾ തേടി ഇവിടെയെത്തുന്നത്. മുതിർന്നവർ പത്രപാരായണത്തിനായി എത്തുമ്പോൾ, ഡിജിറ്റൽ സംവിധാനങ്ങളും സ്റ്റഡി റൂമുകളുമാണ് ചെറുപ്പക്കാരെ ആകർഷിക്കുന്നത്.
മാറുന്ന കാലത്തിനൊപ്പം വായനക്കാരുടെ അഭിരുചികളും മാറിമറിയുന്നുണ്ട്. ക്ലാസിക് കൃതികളിൽ നിന്നും അഖിൽ പി. ധർമ്മജൻ, നിംന വിജയ് തുടങ്ങിയ പുതിയ തലമുറയിലെ ജനപ്രിയ എഴുത്തുകാരുടെ പുസ്തകങ്ങളിലേക്ക് യുവത്വം മാറുകയാണ്. യുവ എഴുത്തുകാരുടെ ലളിതമായ ഭാഷാ പ്രയോഗവും, വേഗതയാർന്ന കഥ പറച്ചിലും സിനിമാറ്റിക് അവതരണവുമാണ് യുവാക്കളെ സ്വാധീനിക്കുന്നത്.
യുനെസ്കോ പദവിക്ക് പിന്നാലെ കുട്ടികൾക്കായുള്ള പ്രത്യേക ലൈബ്രറിയും ഇവിടെ സജീവമാണ്. കോഴിക്കോടിന് യുനെസ്കോ പദവി കിട്ടിയതിനു ശേഷം മീറ്റ് ദ ഓതർ, ഫിലിം ഷോ, സോഷ്യൽ റീഡിംഗ്, പുസ്തകചർച്ച തുടങ്ങിയ പരിപാടികൾ കോഴിക്കോട്ട് ധാരാളമായി ഉണ്ടാവാൻ തുടങ്ങി . പുസ്തകങ്ങളെ കേവലം അലങ്കാരമായല്ല, ആത്മാവിന്റെ ഭാഗമായാണ് കോഴിക്കോട്ടുകാർ നെഞ്ചേറ്റുന്നത്.
"ചെറിയ കുട്ടികൾ വരെ ലൈബ്രറിയിൽ വരാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ വായിക്കാനെത്തുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്."
-മിഥുൻ രാജ്. കെ
ലൈബ്രറിയൻ,
മാനാഞ്ചിറ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |