SignIn
Kerala Kaumudi Online
Sunday, 07 June 2026 2.34 AM IST

അതിഥി മന്ദിരമാണ്, അതിഥികൾക്ക് കയറാനാവില്ല

gust-house
സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസ് ( ഫയൽ ഫോട്ടോ)

സുൽത്താൻ ബത്തേരി: വയനാട്ടിലെ ഏറ്റവും വലിയ ഗസ്റ്റ് ഹൗസ് ആവുമെന്ന് അവകാശപ്പെട്ട് അധികാരികൾ സുൽത്താൻ ബത്തേരിയിൽ നിർമ്മിച്ച നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ 16 വര്‍ഷങ്ങള്‍ക്കിപ്പുറവും അതിഥികൾക്ക് കയറാനാവുന്നില്ല.

2010-ല്‍ നിർമ്മാണം തുടങ്ങിയ കെട്ടിടത്തിന്റെ പണി നിലവിൽ പൂർത്തിയായിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽപ്പെട്ട് പ്രവർത്തന സജ്ജമാകാതെ കിടക്കുകയാണ്. ബത്തേരി നഗരത്തിൽ നിന്ന് കുറച്ചു മാറി ചീരാൽ റോഡിൽ പഴയ ഗസ്റ്റ് ഹൗസിനോട് ചേർന്നാണ് 54 മുറികൾ ഉൾപ്പെടുത്തി ആധുനിക ഗസ്റ്റ് ഹൗസ് പണി തുടങ്ങിയത്. അച്ചുതാനന്ദൻ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഗസ്റ്റ് ഹൗസിന് തറക്കല്ലിട്ടത്. പണി പൂർത്തിയായ കെട്ടിടം രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമയത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ സാങ്കേതികത്വത്തിന്റെ പേരിൽ തുറക്കാനായില്ല.

പണികഴിഞ്ഞു, പക്ഷേ..

20 കോടി മുടക്കി നിർമ്മിച്ച കെട്ടിടമാണ് മൂന്ന് സർക്കാരുകൾ വന്നു പോയിട്ടും പ്രവർത്തനം തുടങ്ങാതെ കിടക്കുന്നത്. ഫയർഫോഴ്സിന്റെ എൻ.ഒ.സി പ്രശ്നമാണ് ഇപ്പോൾ തുറക്കാതിരിക്കുന്നതിന് കാരണമായി അധികാരികൾ ചൂണ്ടിക്കാട്ടുന്നത്. എൻ.ഒ.സിയും കറണ്ടും ലഭിക്കാത്ത കെട്ടിടമായിരുന്നു മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. കെ.എസ്.ഇ.ബിക്ക് ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ അടക്കമുള്ള ജോലികൾ തീർക്കാനുണ്ട്.

അനുമതി ലഭിക്കുന്ന ഉടൻ തുറന്നു നൽകാൻ പാകത്തിൽ 25 മുറികൾ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 54 മുറികൾക്ക് പുറമെ വിശാലമായ ഹാളും ഭക്ഷണശാലയും ഗസ്റ്റ് ഹൗസിലുണ്ട്. അനുമതി കിട്ടേണ്ട താമസം മാത്രമാണ് ഉള്ളതെന്നും എൻ.ഒ.സി ലഭിച്ച ഉടൻ മണിക്കൂറുകൾക്കുള്ളിൽ ബാക്കി 29 മുറികൾ കൂടി തുറന്ന് നൽകാൻ പാകത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ഗസ്റ്റ് ഹൗസിന്റെ ചുമതലക്കാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL