കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ നിന്ന് ജപ്പാൻ കുടിവെള്ള പദ്ധതി വഴിയുള്ള ജലവിതരണം തടസപ്പെട്ടതോടെ കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം. കെ.എസ്.ഇ.ബിയുടെ ഫീഡർ ലൈനുകളിലെ അറ്റകുറ്റപ്പണികൾ കാരണം പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി മുടങ്ങുന്നതാണ് പമ്പിംഗ് നിലയ്ക്കാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. പെരുവണ്ണാമൂഴി പൊൻമലപ്പാറയിലെ മാത്തൂർ കുന്നിലുള്ള 62 ഏക്കർ സ്ഥലത്താണ് ജപ്പാൻ പദ്ധതിയുടെ പ്രധാന സംഭരണിയും ജലശുദ്ധീകരണ പ്ലാന്റുമുള്ളത്. പെരുവണ്ണാമൂഴി റിസർവോയറിനോട് ചേർന്നാണ് ഇതിനുള്ള കിണറും പമ്പ് ഹൗസും പ്രവർത്തിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്കും കോർപ്പറേഷനിലേക്കും സമീപത്തെ പതിനാറോളം വരുന്ന പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം ഈ പ്ലാന്റിൽ നിന്നാണ്. മലാപ്പറമ്പ്, മൂഴിക്കൽ, ചെലവൂർ, വെള്ളിമാടുകുന്ന്, പാലക്കോട്ടുവയൽ, മെഡിക്കൽ കോളേജ് പരിസരം, വിരുപ്പിൽ, കാളാണ്ടിത്താഴം തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലും നഗരമദ്ധ്യത്തിലും കുടിവെള്ളം മുടങ്ങുകയാണ്.
റിസർവോയറിൽ വെള്ളം കുറവായതുകൊണ്ടാണ് വിതരണം തടസപ്പെടുന്നതെന്നായിരുന്നു വാട്ടർ അതോറിറ്റി മുൻപ് പറഞ്ഞിരുന്നത്. കാലവർഷം തുടങ്ങി ഡാം നിറഞ്ഞിട്ടും വെള്ളം കിട്ടാത്തത് അധികൃതരുടെ വീഴ്ചയെ തുടർന്നെന്നാണ് ആക്ഷേപം. മേയ് മാസം മുതൽ ഒരു ദിവസം ഇടവിട്ടായിരുന്നു വെള്ളം നൽകിയിരുന്നത്. എന്നാലിപ്പോൾ ജലവിതരണത്തിന് കൃത്യമായ സമയക്രമവുമില്ലെന്ന് നാട്ടുകാർ പറയുന്നു. പമ്പിംഗ് കാര്യക്ഷമമല്ലാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ പോലും ജലമൊഴുക്ക് കുറവാണ്. മുൻപ് താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പൈപ്പ് അടയ്ക്കുമ്പോൾ ഉയർന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമായിരുന്നു. എന്നാൽ പമ്പിംഗ് അവതാളത്തിലായതോടെ അവരും ദുരിതത്തിലാണ്.
പരിഹരിച്ചില്ലെങ്കിൽ സമരം
മഴക്കാലമായതിനാൽ കിണറുകളുള്ള വീടുകളിൽ താത്കാലിക ആശ്വാസമുണ്ടെങ്കിലും ഫ്ലാറ്റുകളിലും ജപ്പാൻ പദ്ധതിയെ മാത്രം ആശ്രയിക്കുന്ന ഭൂരിഭാഗം കുടുംബങ്ങളിലും കുടിവെള്ളത്തിന് ക്ഷാമമുണ്ട്. റവന്യൂ അധികൃതരും കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെട്ട് വൈദ്യുതി തടസം സ്ഥിരമായി പരിഹരിക്കണമെന്നും ജലവിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |