SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

ആരോഗ്യമാണ് അനുശ്രീക്ക് മെയിൻ സൂപ്പർ ഹെൽത്തി ഈ 'മൈക്രോഗ്രീൻ'

1
അനുശ്രീയും കുടുംബവും

കോഴിക്കോട്: ചെറുപ്പം മുതൽ ആരോഗ്യത്തിൽ അതീവശ്രദ്ധാലുവായിരുന്നു പുതിയങ്ങാടി പള്ളിക്കണ്ടി ചെറിയ പുരയിൽ അനുശ്രീ. തനിക്കുചുറ്റുമുള്ളവരും ഹെൽത്തിയായിരിക്കണമെന്ന നിർബന്ധമാണ് ഐ.ടി ജോലിയോട് ഗുഡ്ബെെ പറഞ്ഞ് മൈക്രോഗ്രീൻ കൃഷിയിലേക്കിറങ്ങാൻ പ്രേരണയായത്. ഇന്ന് കോഴിക്കോട്ടെ ഹോട്ടലുകളിലും ആശുപത്രികളിലും ജിമ്മുകളിലും സൂപ്പർന്യൂട്രീഷ്യൻ ഫുഡായെത്തുന്നത് അനുശ്രീയുടെ ഫാമിൽ വിരിയുന്ന കുഞ്ഞൻചെടികളാണ്.

പരേതനായ അച്ഛൻ തെക്കേടത്ത് വത്സനാണ് കൃഷിയിൽ അനുശ്രീയുടെ റോൾ മോഡൽ. മണ്ണിൽ ചെറുപയർ മുളപ്പിച്ചുള്ള പരീക്ഷണമായിരുന്നു തുടക്കം. വിദഗ്ദ്ധരിൽ നിന്നും യൂട്യൂബിൽ നിന്നും പരിശീലനം നേടി. ആദ്യ ആറുമാസം വീട്ടിലെ ഹാളിലായിരുന്നു കൃഷി. ഇപ്പോൾ 200 ചതുരശ്ര അടി വിസ്തീർണമുള്ള പ്രത്യേകമായി സജ്ജീകരിച്ച ഇൻഡോർ യൂണിറ്റിലേക്ക് മാറി. വെസ്റ്റ്ഹിൽ അത്താണിക്കലിലാണ് അനുശ്രീയുടെ 'ഇൻഫന്റ് ലീവ്സ്" മൈക്രോഗ്രീൻ സംരംഭം.

റെനോൾട്ട് കമ്പിനിയിലെ സെയിൽസ് വിഭാഗം ജീവനക്കാരനായ ഭർത്താവ് വിശാഖും മക്കളായ കൃതിയും നിറ്റാരയും അനുശ്രീയുടെ യാത്രയിൽ കരുത്തായുണ്ട്.

പ്ലാസ്റ്റിക് ട്രേകളിൽ ചകിരിച്ചോർ നിറച്ച് കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്യാത്ത വിത്തുകൾ പാകുന്നതാണ് രീതി. അഞ്ച് മുതൽ ഏഴ് ദിവസംകൊണ്ട് വിളവെടുക്കാം. ഒരു ട്രേയിൽ നിന്ന് ശരാശരി 300 മുതൽ 400 ഗ്രാം വരെ ലഭിക്കും. ആഴ്ചയിൽ എട്ട് മുതൽ പത്ത് കിലോ വരെയാണ് ഉത്പാദനം. 80 ഗ്രാം മൈക്രോഗ്രീൻ പായ്ക്കറ്റിന് 160 മുതൽ 200 രൂപ വരെയാണ്. മാസം 50,000ലധികമാണ് അനുശ്രീയുടെ വരുമാനം. വെള്ള റാഡിഷ്, ചൈന റോസ് റാഡിഷ്, ബ്രോക്കോളി, ബീറ്റ്റൂട്ട്, ഗോതമ്പ്, പാക് ചോയ്, കടുകില, ചീര, സ്വിസ് ചാർഡ്, സൂര്യകാന്തി, അഫിലിയ പയർ, തുളസി തുടങ്ങി 15 ലേറെ ഇനങ്ങൾ കൃഷി ചെയ്യുന്നു.

 മൈക്രോഗ്രീൻ

വിത്ത് മുളച്ച് ആദ്യത്തെ രണ്ടിലകൾ വിരിയുന്ന പ്രായത്തിലുള്ള കുഞ്ഞൻ ചെടികളാണ് മൈക്രോഗ്രീൻ. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ, ആന്റിഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ തുടങ്ങി പോഷകങ്ങളുടെ കലവറയായതിനാൽ 'സൂപ്പർഫുഡ്" എന്നും വിശേഷിപ്പിക്കുന്നു.

മെെക്രോഗ്രീൻ എല്ലാവർക്കും കഴിക്കാൻ പാടില്ലെന്നൊരു ധാരണ സമൂഹത്തിലുണ്ട്. അത് തെറ്റാണ്. ഈ സൂപ്പർ ഫുഡ് സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിലും ഉൾപ്പെടുത്തണം.

- അനുശ്രീ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL