SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

മെഡി. കോളേജിൽ മോഷണവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും പതിവ് സുരക്ഷാജീവനക്കാരെ നിയമിക്കാൻ അധികൃതർ

mwedicl
മെഡിക്കൽ കോളേജ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങൾ കടുപ്പിച്ച് അധികൃതർ. മോഷണശ്രമങ്ങൾ, ആശുപത്രി സ്വത്ത് നശിപ്പിക്കൽ, പൊതുസ്ഥലങ്ങളിലെ മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങി രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ പ്രധാന സർക്കാർ ചികിത്സാകേന്ദ്രങ്ങളിലൊന്നായ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി 3,025 രോഗികൾക്ക് ചികിത്സ നൽകുന്നതിനുള്ള സൗകര്യമുണ്ട്. എന്നാൽ പലപ്പോഴും കൂടുതൽ രോഗികളെത്തുന്നതിനാൽ ആശുപത്രി പരിസരത്തും വിവിധ വിഭാഗങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തി ആശുപത്രി സ്വത്തിന്റെയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

സുരക്ഷാ നടപടികളുടെ ഭാഗമായി ആശുപത്രി പരിസരത്തെ സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കർശനമായി തടയും. അനധികൃത പരസ്യങ്ങൾക്കും വ്യാപാര-വാണിജ്യ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും. പ്രധാന പ്രവേശന കവാടങ്ങൾ, വാർഡുകൾ, ഒ.പി. ബ്ലോക്കുകൾ, പാർക്കിംഗ് മേഖലകൾ, ആളൊഴിഞ്ഞ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. രാത്രികാല നിരീക്ഷണവും കൂടുതൽ കർശനമാക്കും. 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ

ആശുപത്രി പരിസരത്ത് അനാവശ്യമായി നിൽക്കുന്നവരെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടാൽ പൊലീസിൽ വിവരമറിയിക്കാം.

രോഗികളുടെ കൂട്ടിരിപ്പുകാർ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ നിൽക്കാവൂ.

വാർഡുകൾ, ഇടനാഴികൾ, പടിക്കെട്ടുകൾ, പ്രവേശന കവാടങ്ങൾ, പാർക്കിംഗ് മേഖലകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കില്ല.

ആശുപത്രി പരിസരത്ത് രാത്രി തങ്ങിനിൽക്കുന്നതിനും നിയന്ത്രണമുണ്ടാകും.

"സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും"
ഡോ. എം പി ശ്രീജയൻ,​ സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളേജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL