SignIn
Kerala Kaumudi Online
Sunday, 06 September 2026 4.07 AM IST

കോഴിക്കോട് ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാർ 'വികസനപ്രവൃത്തികളിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടരുത്'

anil-
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നൂറുദിന കര്‍മപരിപാടി അവലോകന യോഗത്തില്‍ മന്ത്രി എ.പി അനില്‍കുമാര്‍ സംസാരിക്കുന്നു

കോഴിക്കോട്: ജില്ലയിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും മേൽനോട്ടവും ഉണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പ്രവൃത്തികൾ അനിശ്ചിതമായി വൈകുന്ന സാഹചര്യം ഉണ്ടാവരുത്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന വികസന സമിതിയോഗത്തിലാണ് എം.എൽ.എമാരുടെ വിമർശനം. പലപ്രവൃത്തികളും സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിൽ കാര്യക്ഷമമായ ഇടപെടലുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. കൃത്യസമയത്ത് പ്രവൃത്തികൾ പൂർത്തിയാവുന്നില്ലെങ്കിൽ ഫണ്ട് നഷ്ടമാവുമെന്ന അവസ്ഥയുണ്ട്. അതുകൊണ്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യഥാസമയത്ത് ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും എം.എൽ.എ മാർ.

മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കെട്ടിടത്തിൽ ചോർച്ചയുണ്ടെന്നും നിർമാണത്തിലെ അപാകതയിൽ അന്വേഷണം വേണമെന്നും കെ.എം അഭിജിത്ത് എം.എൽ.എ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ ആളുകൾ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ സോളാർ ഫെൻസിങ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ അടിയന്തര നടപടി വേണമെന്നും എം.എൽ.എ നിർദേശിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട സർവീസ് റോഡുകളുടെ ടാറിംഗ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു. ചിപ്പിലിത്തോട്‌വയനാട് ബദൽപാത പ്രവൃത്തികൾക്കായി സ്വീകരിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങളും എം.എൽ.എ തേടി. പ്രവൃത്തിയുടെ ഡി.പി.ആർ കൺസൽട്ടന്റിനായുള്ള ടെൻഡർ നടപടികൾ ദേശീയപാത അധികൃതർ സ്വീകരിച്ചതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പുതുപ്പാടിയിലെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതിനുള്ള സർവേ നടത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് സി.കെ കാസിം എം.എൽ.എ ആവശ്യപ്പെട്ടു. അധിക സർവേയർമാരെ നിയോഗിച്ച് പരിഹാരം കണ്ടെത്തുമെന്ന് ജില്ലാ കളക്ടർ മറുപടി നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിലയിരുത്തൽ, നവകേരള സദസ്സ് പ്രവൃത്തികളുടെ അവലോകനം എന്നിവയും നടന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി അദ്ധ്യക്ഷയായി. എ.ഡി.എം കെ ഷറീന, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ആർ രത്‌നേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം റവന്യൂ മന്ത്രി എ.പി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയിൽ നടപ്പാക്കേണ്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. ഓരോ വകുപ്പുകളും നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. യോഗത്തിൽ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, എ.ഡി.എം കെ ഷറീന, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL