രാംപള്ളിയിൽ മാത്രം പതിനഞ്ചോളം കാവൽമാടങ്ങൾ
സുൽത്താൻ ബത്തേരി: നെൽകൃഷി വിളവെടുക്കുന്നത് വരെ വനഗ്രാമത്തിലെ ജനങ്ങൾക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മുത്തങ്ങ, രാംപള്ളി പ്രദേശത്തെ ജനങ്ങളാണ് രാത്രികാലങ്ങളിൽ വിളകൾക്ക് കാവലുമായി ഏറുമാടങ്ങളിൽ കഴിയുന്നത്. മഴക്കുറവ് കാരണം കൃത്യസമയത്ത് കൃഷിയിറക്കാൻ കഴിയാതെ വന്നവരാണ് മേഖലയിലെ മിക്ക കർഷകരും. വനത്താൽ ചുറ്റപ്പെട്ട രാംപള്ളിയിൽ മാത്രം 40 ഏക്കറോളം സ്ഥലത്താണ് ഇത്തവണ നെൽകൃഷി ചെയ്തത്. രൂക്ഷമായ വന്യമൃഗശല്യവും ജലക്ഷാമവും കാരണം പലരും വയൽ തരിശായി ഇട്ടിരിക്കുകയാണ്. ഈ പ്രതിസന്ധികൾ തരണം ചെയ്ത് കൃഷിയിറക്കിയവരാണ് ഇപ്പോൾ കാവലുമായി വയലുകളിൽ കഴിയുന്നത്.
ഉറങ്ങാതെ കാവൽ മാടങ്ങളിൽ
വയലിൽ നെല്ല് നടുന്നതോടെ വിള സംരക്ഷിക്കാൻ കർഷകർ വീടുവിട്ട് വയലിലെ ഏറുമാടത്തിലേയ്ക്ക് താമസം മാറ്റുകയാണ്. വയലിന് ചുറ്റും പരസ്പരം കാണാൻ പറ്റുന്ന ദൂരത്തിലാണ് കർഷകർ മരത്തിന്മുകളിൽ ഏറുമാടങ്ങളും ഉയരത്തിൽ കാവൽ പുരകളും സജ്ജീകരിച്ചിരിക്കുന്നത്. കാവൽ മാടങ്ങൾക്ക് സമീപം തീയിട്ട് വന്യമൃഗങ്ങളെ അകറ്റുകയാണ് ചെയ്യുന്നത്. ഇതിന് പുറമെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം കണ്ടാൽ പാട്ടകളും പാത്രങ്ങളും പരസ്പരം കൊട്ടി ശബ്ദമുണ്ടാക്കി കൃഷിയിടങ്ങളിലേയ്ക്ക് എത്തുന്ന വന്യമൃഗങ്ങളെ അകറ്റും. രാത്രികാലങ്ങളിൽ കർഷകർ ഒറ്റയ്ക്കും കൂട്ടമായുമാണ് കാവലിരിക്കുക. നെല്ലിന് പുറമെ തോട്ട വിളകൾക്ക് കാവലിരിക്കേണ്ട അവസ്ഥയാണ്. മുമ്പെങ്ങുമില്ലാത്തവിധം കുരുങ്ങ്, മാൻ, കാട്ടാട്, മലയണ്ണൻ എന്നിവയുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. വനത്തിന് ചുറ്റും കിടങ്ങുവേലിയുമെല്ലാം ഉണ്ടെങ്കിലും ഇവയെല്ലാം മറികടന്നാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടത്തിലേയ്ക്ക് എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |