ബേപ്പൂർ: തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് സ്വകാര്യ ഉരുക്കൾ ഇനി മുതൽ ഒരാഴ്ച മുമ്പ് ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പിൻ്റെ അനുമതി വാങ്ങണം. ലക്ഷദ്വീപിലേക്കുള്ള (മഞ്ചുകൾ) ഉരുക്കൾ പ്രത്യേക അനുമതിപത്രം ഇല്ലാതെയായിരുന്നു ഇതുവരെ ചരക്ക് നീക്കം നടത്തിയിരുന്നത്. അതിനാൽ തുറമുഖ വകുപ്പിന് ദ്വീപുകളിലെത്തുന്ന കപ്പലുകളുടെയും ചരക്കുകളുടേയും ജീവനക്കാരുടേയും വിവരങ്ങൾ കൃത്യമായി ലഭിച്ചിരുന്നില്ല. കടത്തിക്കൊണ്ടുപോകുന്ന ചരക്കുകളുടെ വിവരങ്ങൾ നിരീക്ഷിക്കാനും പ്രയാസമായിരുന്നു. ലക്ഷദ്വീപ് സമൂഹത്തിൻ്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും നിരോധിത വസ്‌തുക്കൾ കടത്തുന്നത് തടയുന്നതിനുമാണ് പുതിയ നടപടി. പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പിന്റെ മുൻകൂട്ടി എഴുതി തയ്യാറാക്കിയ അനുമതിയില്ലാതെ ഒരു സ്വകാര്യ ഉരുവും ലക്ഷദ്വീപിലേക്ക് സർവീസ് നടത്താൻ പാടില്ല എന്നാണ് ഉത്തരവ്. ലക്ഷദ്വീപ് പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് ഡയറക്ടർ ഡോക്ടർ ആർ ഗിരിശങ്കർ ആണ് ഉത്തരവ് നൽകിയത്. ഉരുക്കൾ യാത്ര പുറപ്പെടുന്നതിന് ഒരു ആഴ്ച മുമ്പ് നിർദ്ദിഷ്ട ഫോറത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേൻ സോണൽ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപ് പോർട്ട് ഏവിയഷൻ വകുപ്പിൻ്റെ അനുമതി സ്വീകരിച്ച ശേഷം അതാത് തുറമുഖ കാര്യാലയത്തിൽ നിന്നും ക്ലിയറൻസ് വാങ്ങിയാൽ മാത്രമേ ഉരുക്കൾക്ക് ചരക്കുമായി ലക്ഷദ്വീപിലേക്ക് പുറപ്പെടാൻ കഴിയുകയുളളു.
കൊച്ചി, ബേപ്പൂർ, മംഗലാപുരം എന്നീ തുറമുഖം വഴിയാണ് ലക്ഷദ്വീപിലേക്ക് ചരക്ക് നീക്കം നടക്കുന്നത്. നവംബർ 30-ഓടെ അപേക്ഷാ രീതി പൂർണ്ണമായും ഓൺലൈൻ ആക്കാൻ നടപടിയെടുക്കും. അപേക്ഷ സമർപ്പിച്ച് ഏഴു ദിവസത്തിനകം അനുമതി നൽകുകയോ തീരുമാനമെടുക്കുകയോ ചെയ്യും. അപേക്ഷയോടൊപ്പം നൽകേണ്ട വിവരങ്ങൾ കപ്പലിന്റെ പേരും രജിസ്ട്രേഷൻ നമ്പറും ഉടമയുടെ പേരും. കപ്പൽ ജീവനക്കാരുടെ പേരും വിവരങ്ങളും. പുറപ്പെടുന്ന സ്ഥലം, തീയതി, സന്ദർശിക്കുന്ന ദ്വീപുകൾ. കൊണ്ടുപോകുന്ന ചരക്കുകളുടെ വിശദാംശങ്ങളും അളവും. കപ്പലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |