SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

കബനിയിൽ പാറക്കൂട്ടങ്ങൾ തെളിഞ്ഞു വരൾച്ചയുടെ വക്കിൽ വയനാട്

kabani
മഴക്കാലം മാറു മുൻപേ വരൾച്ചയുടെ പിടിയിൽ അമർന്ന വയനാടിന്റെ പ്രധാന ജല സ്രോതസായ കബനി നദിയിൽ പാറക്കൂട്ടങ്ങൾ തെളിഞ്ഞ നിലയിൽ മരക്കടവിൽ നിന്നുളള ദൃശ്യം മരക്കടവിലെ പ്രധാന കടവാണ് ഇവിടം അടുത്ത ദിവസങ്ങളിൽ തോണിയിൽ അല്ലാതെ നടന്ന് അക്കരെ ഇക്കരെ കടക്കാനാകും

കുടിവെള്ളത്തിനായി നെട്ടോട്ടം

പുൽപ്പളളി: നിറഞ്ഞൊഴുകേണ്ട കബനിയിൽ ജലനിരപ്പ് താഴ്ന്ന് പാറക്കെട്ടുകൾ വ്യക്തമായി. മഴയുടെ ലഭ്യതയിൽ വന്ന കുറവും നദീജലം സംഭരിച്ചു നിർത്താനുള്ള വികസന പദ്ധതികൾ ഇല്ലാതായതോടെ വയനാട് വരൾച്ചയിലേക്ക്. ചിങ്ങം പകുതിയാകുമ്പോഴാണ് കാവേരിയുടെ പ്രധാന പോഷകനദിയായ കബനി അടിത്തട്ടിലെ പാറകൾ തെളിഞ്ഞ് നദി വറ്റിവരളുന്നത്.

2004ലും മറ്റും വയനാട് ജില്ല കണ്ട സമാനതകളില്ലാത്ത വരൾച്ചാ ദുരന്തങ്ങളുടെ ആവർത്തനത്തിലേക്കാണോ നീങ്ങുന്നത് എന്ന കടുത്ത ഭീതിയിലാണ് അതിർത്തി ഗ്രാമങ്ങൾ. വരൾച്ച ഏറ്റവും കൂടുതൽ ബാധിക്കുന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും തദ്ദേശ ഭരണകൂടങ്ങളും ചെറുകിട ജലസേചന വകുപ്പും പുലർത്തുന്ന ഗുരുതര വീഴ്ച ജനരോഷത്തിന് ഇടയാക്കുകയാണ്. കടമാൻ തോട്, കന്നാരം പുഴ, മുദ്ധള്ളി തോട്, ചാമപ്പാറ തോട് തുടങ്ങിയ കൈവഴികളിൽ കോടികൾ മുടക്കി നിർമ്മിച്ച നൂറുകണക്കിന് തടയണകളിൽ ഒന്നിലും വെള്ളമില്ല. കൃത്യസമയത്ത് തടയണകളുടെ ഷട്ടറുകൾ അടയ്ക്കാത്തതിനാൽ മഴവെള്ളം പോലും ഇല്ലാതായി.

ഫയലിൽ ഉറങ്ങി പദ്ധതികൾ

പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന പനമരം, മാനന്തവാടി പുഴകൾ സംഗമിച്ചൊഴുകുന്ന കബനിയിലൂടെ ദിനംപ്രതി കോടിക്കണക്കിന് ലിറ്റർ വെള്ളമാണ് യാതൊരു തടസവുമില്ലാതെ കർണാടകയിലേക്ക് ഒഴുകിപ്പോകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് പ്രഖ്യാപിക്കപ്പെട്ട കടമാൻ തോട്, തൊണ്ടർനാട് ജലസേചന പദ്ധതികൾ ഇപ്പോഴും ഫയലുകളിൽ വിശ്രമിക്കുകയാണ്. വേനൽക്കാലത്ത് നാടിന് ഉപകാരപ്പെടുംവിധം ഈ ജലസമ്പത്ത് സംഭരിക്കാൻ വ്യക്തമായ മാസ്റ്റർ പ്ലാനില്ലാത്തതാണ് തിരിച്ചടിയാകുന്നത്.

ക്ഷീരമേഖല തകർച്ചയിലേക്ക്; നെൽകൃഷി മുടങ്ങി
നദിയും തോടുകളും അകാലത്തിൽ വറ്റിയതോടെ കബനി തീരത്തെ പാടശേഖരങ്ങളിൽ ഇത്തവണ നെൽകൃഷി പൂർണമായും മുടങ്ങി. പ്രദേശത്തെ പ്രധാന ജലസ്രോതസായ കന്നാരം പുഴ വറ്റിവരണ്ടതോടെ വൻ പ്രതിസന്ധിയിലായത് ക്ഷീരമേഖലയാണ്. കന്നുകാലികൾക്ക് കുടിവെള്ളവും തീറ്റപ്പുല്ലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അടിയന്തരമായി ശാശ്വത ജലസംഭരണ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL