കോഴിക്കോട്: ചികിത്സ തേടി ആയിരക്കണക്കിന് ആളുകളെത്തുന്ന മെഡിക്കൽ കോളേജ് പരിസരം മോഷ്ടാക്കളുടെ താവളമാകുന്നു. സുരക്ഷാ നിരീക്ഷണവും പൊലീസ് പെട്രോളിംഗും കാര്യക്ഷമമല്ലാത്തതിനാൽ ആശുപത്രിയിലും പരിസരത്തുമായി മോഷണങ്ങൾ തുടർക്കഥയാകുകയാണ്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവ നഷ്ടപ്പെടുന്നതിന് പുറമെ ആശുപത്രിയിലെ വിലപിടിപ്പുള്ള ഉപകരണങ്ങളും മോഷണം പോകുന്ന സ്ഥിതിയാണ്. നേരത്തെ നടന്ന പല മോഷണക്കേസുകളിലും പ്രതികളെ കണ്ടെത്താനാകാത്തതും സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം മെഡി.കോളേജ് ബയോഗ്യാസ് പ്ലാന്റിന്റെ പൂട്ട് തകർത്ത് അജ്ഞാതരുടെ അതിക്രമവും ഉണ്ടായി. രാത്രിയിലായിരുന്നു സംഭവം. പ്ലാന്റിന്റെ പൂട്ട് തകർന്നതോടെ ടാങ്ക് നിറയുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്തു. മെഡി.കോളജ് ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിനും ടെർഷ്യറി കാൻസർ കെയർ സെന്ററിനും സമീപത്താണ് ബയോഗ്യാസ് പ്ലാന്റ്. മലിനജലം ടെർഷ്യറി കാൻസർ സെന്ററിലേക്കടക്കം ഒഴുകിയെത്തിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
മോഷണം പതിവ്
കഴിഞ്ഞ ജൂലായിൽ മെഡി. കോളജ് മോർച്ചറിയിലെ കോൾഡ് സ്റ്റോറേജ് സംവിധാനത്തിൽനിന്നും ബ്ലഡ് ബാങ്കിൽനിന്നും വ്യാപകമായി എയർ കണ്ടീഷണർ ചെമ്പുകമ്പികൾ മോഷണം പോയിരുന്നു. മോർച്ചറിയിലെ കോൾഡ് സ്റ്റോറേജ് സംവിധാനത്തെ മോഷണം സാരമായി ബാധിച്ചതോടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനും പ്രതിസന്ധിയുണ്ടായി. ബ്ലഡ് ബാങ്കിലെ കോൾഡ് സ്റ്റോറേജിൽനിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും അനുബന്ധ സാമഗ്രികളുമാണ് മോഷണം പോയത്.
ആശുപത്രി പരിസരത്ത് നിറുത്തിയിടുന്ന രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും വാഹനങ്ങൾ മോഷണം പോകുന്നതും നിത്യസഭവമാണ്. കൂടാതെ ആശുപത്രിയിലെത്തുന്നവരുടെ പേഴ്സും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്നു.
കുറ്റക്കാരെ കണ്ടെത്താതെ പൊലീസ്
മോഷണ കേസുകളിൽ പൊലീസിന് ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആശുപത്രി കെട്ടിടങ്ങളുടെ പരിസരങ്ങളിലും പൊലീസിന്റെ രാത്രി നിരീക്ഷണം പര്യാപ്തമല്ലെന്ന പരാതിയും ശക്തമാണ്. മോഷണ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും പലതിലും പ്രതികൾ പിടിയിലായിട്ടില്ല. തിരക്കേറിയ ആശുപത്രി അന്തരീക്ഷം മുതലെടുത്താണ് പല മോഷണങ്ങളും നടക്കുന്നത്. മെഡി.കോളേജ് പരിസരങ്ങളിലെ വെളിച്ചക്കുറവും സി.സി.ടി.വികൾ പ്രവർത്തിക്കാത്തതും മോഷ്ടാക്കൾക്ക് സൗകര്യമാകുകയാണ്. മോഷ്ടാക്കൾ വിലസുമ്പോഴും പൊലീസ് പരിശോധന പെറ്റിയടിയിൽ മാത്രം ഒതുങ്ങുകയാണെന്ന ആരോപണവുമുണ്ട്. മോഷ്ടാക്കൾക്ക് തമ്പടിക്കാനുള്ള സൗകര്യം, ഒളിവിൽ പാർപ്പിക്കാൻ സഹായികൾ, വീടുകൾ കണ്ടെത്തി വിവരം നൽകാൻ സംഘം, തുടങ്ങിയവയും മോഷണം പെരുകാൻ കാരണമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |