കോഴിക്കോട്: പാർട്ടി ആദ്യ സെൽ രൂപീകരണം നടന്ന കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന സമിതി ചരിത്ര വിജയമാക്കാൻ സി.പി.എം. ഇന്നു മുതൽ മൂന്നുനാൾ നീളുന്ന സംസ്ഥാന സമിതിക്കായി രണ്ടുമാസം നീണ്ട ഒരുക്കങ്ങളാണ് നടന്നത്. നാടും നഗരവും കൊടിതോരണങ്ങളാൽ നിറഞ്ഞിട്ടുണ്ട്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി ഹാളിലാണ് സമ്മേളനം. പി.ബി, കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് - സമിതി അംഗങ്ങൾക്ക് പുറമേ ജില്ല സെക്രട്ടേറിയറ്റംഗങ്ങളും വർഗ ബഹുജന സംഘടന ഭാരവാഹികളും സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളും ഉൾപ്പെടെ 307 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. സംസ്ഥാനത്തും ജില്ലയിലും നഷ്ടപ്പെട്ട പാർട്ടി പ്രതാപം തിരിച്ചുപിടിക്കുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മെഹബൂബ്. ജില്ലയിലെ 52,000 ത്തോളമുള്ള പാർട്ടി മെമ്പർമാരിൽ നിന്നും നൂറിൽ കുറയാത്ത രൂപ സമാഹരിച്ചാണ് സംസ്ഥാന സമിതിയും മഹാറാലിയും നടത്തുന്നത്.
തുടക്കം കോഴിക്കോട്ട് നിന്ന്
കോഴിക്കോട്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപം 1937ൽ രൂപീകരിച്ച സ്ഥലമാണ് കോഴിക്കോട്. 2012ൽ പാർട്ടി കോൺഗ്രസിനും വേദിയായി. ഇപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ മറ്റൊരു സുപ്രധാന സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. പാർട്ടിയുടെ വിപ്ലവ ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുതിയ പുനരുജ്ജീവനത്തിലേക്കും ഉയർച്ചയിലേക്കും നയിക്കുവാനുള്ള കർമ്മപദ്ധതികളുടെ പ്രധാന വേദിയാകും വിപുലീകൃത സംസ്ഥാന സമിതി. പുതിയ കാലത്ത് പാർട്ടിപ്രവർത്തനം എങ്ങനെ ശക്തിപ്പെടുത്തണമെന്ന് സമിതി ഗൗരവത്തിൽ പരിശോധിക്കും. വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്ത് തയ്യാറാക്കിയിട്ടുണ്ട്. വിപുലീകൃത സംസ്ഥാന സമിതിയുടെ ഭാഗമായി ലോക്കൽ അടിസ്ഥാനത്തിൽ കുടുംബ സംഗമങ്ങൾ പൂർത്തിയാക്കിയാണ് സംസ്ഥാന സമിതിയിലേക്ക് പാർട്ടി വരുന്നത്. ഒരുലക്ഷത്തിലേറെ പേർ കുടുംബസംഗമത്തിന്റെ ഭാഗമായത് വലിയ ആവേശമാണ് ഉണ്ടാക്കിയതെന്നും ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |