കോഴിക്കോട്: നിപയടക്കമുള്ള രോഗങ്ങൾ എളുപ്പം സ്ഥിരീകരിക്കാനും സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡി. കോളേജിൽ പ്രഖ്യാപിച്ച ബയോസേഫ്റ്റിലെവൽ ത്രീ ലാബ് (ബി.എസ്.എൽ– മൂന്ന് ) മൂന്ന് മാസത്തിനകം പൂർത്തിയാകും. 2021 നവംബറിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച പ്രവൃത്തി 90 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ കെട്ടിടത്തിന്റെ നിർമ്മാണം, രോഗാണുക്കൾ പുറത്തേക്ക് കടക്കാതിരിക്കാൻ നെഗറ്റീവ് പ്രഷർ എയർ ഹാൻഡ്‌ലിംഗ് സിസ്റ്റം, ഹെപ്പ ഫിൽട്ടറുകൾ, വായു ശുദ്ധീകരിക്കാനും ശീതീകരിക്കാനും ഉള്ള പ്രത്യേക സംവിധാനം എന്നിവയെല്ലാം പൂർത്തിയാക്കി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) മുഖേനെ ലാബിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്ന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. പദ്ധതി പൂർത്തീകരണത്തിനായി മെെക്രോബയോളജി വിഭാഗം ഡോക്ടർ ഡോ.അനിതയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ഡോ.അനിത മഞ്ചേരിയിലേക്ക് ട്രാൻസ്ഫർ ആയെങ്കിലും പദ്ധതി നിർവഹണ ചുമതല വഹിക്കുന്നുണ്ട്. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ദേശീയതലത്തിൽ പരിശോധനാ സംവിധാനം വിപുലമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എം.ആർ വൈറൽ ഡയഗ്‌നോസ്റ്റിക് സൗകര്യമുള്ള ലാബ് സ്ഥാപിക്കുന്നത്. നിപ രോഗബാധ സ്ഥിരീകരിച്ച 2018 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഐ.സി.എം.ആർ 2019 തിൽ ഇതിനായി അഞ്ചരക്കോടി രൂപ അനുവദിച്ചു. പിന്നീട് എട്ട് കോടിയാക്കി എസ്റ്റിമേറ്റ് ഉയർത്തി. ഇതിനിടയിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കരാറുകാരെ മാറ്റിയതും മറ്റും നിർമ്മാണം വെെകിപ്പിച്ചു.
പരിശോധന ഇനി എളുപ്പം
ആധുനികവും സങ്കീർണവുമായ ബി.എസ്.എൽ ത്രീ ലാബ് വരുന്നതോടെ സ്രവങ്ങൾ കൂടുതൽ സുരക്ഷിതമായി പരിശോധിക്കുന്നതിനൊപ്പം വൈറസ് കൾച്ചർ, ഗവേഷണം എന്നിവയ്ക്കുള്ള സൗകര്യവും ലഭിക്കും. നിലവിലെ മെഡി.കോളേജിലുള്ള ബി.എസ്.എൽ– രണ്ട് ലാബിൽ നിപ അടക്കം എല്ലാ ടെസ്റ്റുകളും ചെയ്യുന്നുണ്ട്. ഐ.സി.എം.ആറിന്റെ പ്രോട്ടോക്കോൾ പ്രകാരം അന്തിമ സ്ഥിരീകരണം പുണെയിലെ വൈറോളജി ലാബിൽ നിന്നാണ് ലഭിക്കേണ്ടത്. പരിശോധന പൂർത്തിയാക്കി ഫലം അറിയാൻ രണ്ട്, മൂന്നും ദിവസങ്ങളാണെടുക്കുന്നത്. എന്നാൽ പുതിയ ലാബിൽ നിന്ന് കൃത്യമായ ഫലം ലഭിക്കുന്നത് നടപടി ക്രമങ്ങൾ വേഗത്തിൽ ലഭിക്കാൻ സാധിക്കും.
ബി.എസ്എൽ–3 ലാബ്
പ്രഹര ശേഷി കൂടിയതും അപകട സാദ്ധ്യത ഏറിയതുമായ രോഗാണുക്കളെയാണ് ബി.എസ്.എൽ – ത്രീ ലാബിൽ പരിശോധിക്കുക. അതീവ സുരക്ഷ സംവിധാനത്തോടെ ഐ.സി.എം.ആർ മാനഡണ്ഡങ്ങൾ പാലിച്ചായിരിക്കും ലാബ് പ്രവർത്തിക്കുക. നിപ, കുരങ്ങുപനി, വെസ്റ്റ്‌നൈൽ, തുടങ്ങിയവയുടെ പരിശോധനകൾ ഇവിടെ നടക്കും. വൈറസ് കൾച്ചർ, കിറ്റ് ഡെവലപ്പ്, ഗവേഷണം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
'' ലാബിലേക്കാവശ്യമായ കുറച്ച് കാര്യങ്ങൾ മാത്രമേ ചെയ്ത് തീർക്കാനുള്ളൂ. അത് എളുപ്പം പൂർത്തീകരികരിക്കും. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മെല്ലോപ്പോക്ക് നയമാണ് പദ്ധതി വെെകാൻ കാരണം''
ഡോ.ശ്രീജയൻ, സൂപ്രണ്ട് മെഡി.കോളേജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |